നാട്ടിലേക്കുള്ള യാത്ര, ആ യാത്രയില്‍ താന്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ സ്വന്തം ഭർത്താവിന്റെ മൃതദേഹം ഉണ്ടെന്ന് അറിയാതെ യാത്ര ചെയ്ത ഭാര്യ, യു.എ.ഇ.യിലെ സാമൂഹികപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി സാമൂഹികമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പാണ് ആളുകളുടെ ഉള്ളുലയ്ക്കുന്നത്. അപ്രതീക്ഷിതമായി അസുഖം വന്ന് കിടപ്പിലാക്കുകയും മരണപ്പെടുകയും ചെയ്ത പ്രവാസിയെ കുറിച്ചാണ് നോവും കുറിപ്പ്. അതേസമയം, പെട്ടെന്ന് അസുഖം വന്ന് കിടപ്പിലായ ആ മനുഷ്യനെ കൈവിടാത്ത അറബിയെ കുറിച്ചും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്.

ആ അറബി അദ്ദേഹത്തിന് വേണ്ട എല്ലാ ചികിത്സകളും ചെയ്തുകൊടുത്തുവെന്നും നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും ഗൾഫിൽ എത്തിക്കുകയും ചെയ്തതായി അഷ്റഫ് പറയുന്നു. അദ്ദേഹത്തോടൊപ്പം കുറച്ചുദിവസം താമസിച്ചതിന് ശേഷമാണ്‌ ഭാര്യയും മകനും നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്നത്. എന്നാല്‍ ഇതിനിടെ ആ പ്രവാസിയും മരിച്ചു. ആ മരണ വാര്‍ത്ത താങ്ങാന്‍ അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് ആകില്ലെന്നു കരുതി അത് അവരെ അറിയിക്കാതെ മകനെ മാത്ര അറിയിക്കുകയായിരുന്നു.

അങ്ങിനെ അവർ നാട്ടിലേക്ക് പോകുന്ന അതേ വിമാനത്തില്‍ തന്നെ അദ്ദേഹത്തിന്‍റെ മൃതദേഹവും നാട്ടിലെത്തിച്ചു. വിമാനത്തിൽ ആ ഉമ്മയും മകനും സീറ്റിൽ ഇരുന്നു പോകുമ്പോൾ അവരുടെ സീറ്റിനടിയിലെ കാർഗോ അറയിൽ സ്വന്തം ഭർത്താവിന്റെ മൃതദേഹവും തങ്ങളോടൊപ്പം നാട്ടിലേക്ക് കൂടെ വരുന്നുണ്ടെന്ന് ആ പാവം ഉമ്മ അറിയുന്നുണ്ടായിരുന്നില്ലെന്ന് അഷ്റഫ് കുറിച്ചു. നാട്ടിലെത്തിയ ശേഷമാണ് അവരെ ഭര്‍ത്താവിന്‍റെ വിയോഗ വാര്‍ത്ത അറിയിക്കുന്നത്.

എന്തൊരു വിധിയാണിതെന്ന് കുറിച്ച അദ്ദേഹം, ഇവിടെ നാം മനസ്സിലാക്കേണ്ടത് മനസ്സിൽ കരുണയുള്ള, സ്നേഹമുള്ള അറബിയെകുറിച്ചാണെന്നും പറയുന്നു. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത നല്ലവരായ മനുഷ്യസ്നേഹികളായ അറബികളാണ് ഇവിടുള്ളത്. ഇവിടെയാണ് മനുഷ്യ ബന്ധത്തിന്റെ മൂല്യം നമ്മൾ തിരിച്ചറിയുന്നതെന്നും അഷ്റഫ് താമരശ്ശേരി കുറിച്ചു. 

ENGLISH SUMMARY:

Social worker Ashraf Thamarassery shares a touching story of a woman who traveled back to Kerala without knowing her husband's body was in the cargo of the same flight. Read about the noble Arab sponsor who supported the family.