TOPICS COVERED

ആകാംഷ അവസാനിച്ചു. യുഎഇ ലോട്ടറിയുടെ 100 മില്യണ്‍ ദിര്‍ഹം ലോട്ടറിയടിച്ച പ്രവാസിയുടെ വിവരങ്ങള്‍ പുറത്ത്. അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസി അനില്‍കുമാര്‍ ബൊല്ല എന്ന അനില്‍കുമാര്‍ ബിയാണ് കോടിപതിയായത്. പേരു കൊണ്ട് ഇന്ത്യക്കാരനാണെന്ന് നേരത്തെ വ്യക്തമായിരുന്നെങ്കിലും മലയാളിയാണോ എന്ന ആകാംഷയിലായിരുന്നു പ്രവാസി ലോകം. 

യുഎഇ ലോട്ടറിയുടെ 23–ാമത്തെ ലക്കി ഡ്രോയില്‍ സമ്മാനാര്‍ഹന്‍ 29കാരനായ അനില്‍കുമാര്‍ ബൊല്ലയാണെന്നാണ് ലോട്ടറി അധികൃതര്‍ അറിയിച്ചത്. ജേതാവിന്‍റെ വിഡിയോയും ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ലോട്ടറി സമ്മാനം പ്രഖ്യാപിക്കുന്ന സമയം അനില്‍കുമാര്‍ വീട്ടിലായിരുന്നു. സഹപ്രവര്‍ത്തകനുമായി ആദ്യം വിവരം പങ്കിടുകയും പിന്നീട് ഇന്ത്യയിലുള്ള സഹോദരനെ വിളിച്ചറിയിക്കുകയുമായിരുന്നു. 

എന്‍റെ സ്വപ്നങ്ങള്‍ക്ക് അപ്പുറമായിരുന്നു ഇതെന്നാണ് അനില്‍കുമാര്‍ യുഎഇ ലോട്ടറിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഒന്നര വര്‍ഷമായി. 12 ടിക്കറ്റെടുത്തു. അവസാന നമ്പറുകള്‍ക്ക് പ്രത്യേകതയുണ്ടായിരുന്നു. അമ്മയുടെ പിറന്നാള്‍ ദിവസമായിരുന്നു ഇത് എന്നും അനില്‍കുമാര്‍ പറഞ്ഞു. സൂപ്പര്‍ കാറ് വാങ്ങണം എന്നും ഫാമിലി യുഎഇ കൊണ്ടുവരണമെന്നതുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 

ഒക്ടോബര്‍ 18ന് നടന്ന 'യുഎഇ ലോട്ടറി'യുടെ 23-ാമത് ലക്കി ഡേ നറുക്കെടുപ്പിലാണ് (ടിക്കറ്റ് നമ്പർ 251018) അനിൽകുമാർ ഈ ചരിത്ര വിജയം നേടിയത്. ഇതുകൂടാതെ ആയിരക്കണക്കിന് പേർക്ക് ചെറിയ സമ്മാനങ്ങളും ലഭിച്ചു. മൊത്തം 7,145 പേർക്ക് 100 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ സമ്മാനത്തുക ലഭിച്ചു. മൂന്ന് പേർക്ക് ഒരു ലക്ഷം വീതം ലഭിച്ചു. 67 പേർക്ക് 100 ദിർഹം വീതം ലഭിച്ചു. ഒന്നിലധികം ടിക്കറ്റ് ഉടമകൾക്ക് ജാക്ക്‌പോട്ട് ലഭിക്കുകയാണെങ്കിൽ തുല്യമായി പങ്കിടുന്നതാണ് രീതി. ഈ നറുക്കെടുപ്പിൽ ഒറ്റ ടിക്കറ്റ് ഉടമയ്ക്ക് മാത്രമാണ് ജാക്ക്‌പോട്ട് ലഭിച്ചത്.

ENGLISH SUMMARY:

UAE Lottery Winner, Anilkumar Bolla, an Indian expatriate residing in Abu Dhabi, has won the 100 million Dirham UAE Lottery. The 29-year-old's victory was announced by lottery officials, marking the 23rd lucky draw.