ദുബായിൽ ദീപാവലി ആഘോഷങ്ങൾക്കിടെ മലയാളി വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയും മാവേലിക്കര സ്വദേശിയുമായ വൈഷ്ണവ് കൃഷ്ണകുമാർ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ദുബായിലെ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈഷ്ണവിന്റെ ആകസ്മിക വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അധ്യാപകരെയും ഞെട്ടിച്ചിരിക്കുകയാണ്.
അതേസമയം, മരണകാരണം സംബന്ധിച്ച് ഫോറൻസിക് പരിശോധനകൾ നടക്കുകയാണ്. 2024-ലെ സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയിൽ 97.4% മാർക്ക് നേടിയ വൈഷ്ണവിന് ഗോൾഡൻ വീസ ലഭിച്ചിരുന്നു. വി.ജി.കൃഷ്ണകുമാർ- വിധു കൃഷ്ണകുമാർ ദമ്പതികളുടെ മകനാണ്. സഹോദരി- വൃഷ്ടി കൃഷ്ണകുമാർ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കാരത്തിനായി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അക്കാദമിക് രംഗത്തെ തിളക്കം
പഠന രംഗത്തും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങിയ വിദ്യാർഥിയായിരുന്നു വൈഷ്ണവ്. 2024 ലെ സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയിൽ 97.4% മാർക്ക് നേടി എല്ലാ വിഷയങ്ങൾക്കും എ-വൺ ഗ്രേഡ് കരസ്ഥമാക്കി. മാർക്കറ്റിങ്, എന്റർപ്രണർഷിപ്പ് വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്കും നേടിയിരുന്നു. ഈ ഉന്നത നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വൈഷ്ണവിന് യു.എ.ഇ. ഗോൾഡൻ വീസ ലഭിച്ചത്.
ജെംസ് ഔർ ഓൺ ഇന്ത്യൻ സ്കൂളിലെ ഹെഡ് ഓഫ് സ്കൂൾ കൗൺസിൽ, മോഡൽ യുണൈറ്റഡ് നേഷൻസ് ക്ലബ്ബിന്റെയും ഡിബേറ്റിങ് സൊസൈറ്റിയുടെയും പ്രസിഡന്റ് എന്നീ നിലകളിലും വൈഷ്ണവ് പ്രവർത്തിച്ചിട്ടുണ്ട്. മാതാവ് ഇതേ സ്കൂളിലെ അധ്യാപികയാണ്. സംരംഭകനാകാൻ ആഗ്രഹിച്ച വൈഷ്ണവ്, വിദ്യാഭ്യാസത്തിനു പുറമെ സാമ്പത്തിക ഉപദേശങ്ങൾ, ലൈഫ്‌സ്റ്റൈൽ മോട്ടിവേഷൻ, വ്യായാമ മുറകൾ എന്നിവ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. ഒട്ടേറെ കമ്പനികളിൽ ഇന്റേൺഷിപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.