Image credit:instagram.com/pallschhibber
പത്തുവര്‍ഷത്തെ യു.കെയിലെ ജീവിതം അവസാനിപ്പിച്ച് താന്‍ ഇന്ത്യയിലേക്ക് മടങ്ങുകയാണെന്ന് വ്യവസായിയും ഇന്‍ഫ്ലുവന്‍സറുമായ പല്ലവി ഛിബ്ബര്‍. ലണ്ടനില്‍ ടാക്സടച്ച് വശം കെട്ടുവെന്നും ജീവിതച്ചിലവ് വല്ലാതെ വര്‍ധിച്ചുവെന്നും എന്നാല്‍ ഒരു തരത്തിലുള്ള വളര്‍ച്ചയും നഗരത്തിന് കാണാനില്ലെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ കുറ്റപ്പെടുത്തുന്നു.
ജീവിക്കാനോ, വളര്‍ച്ച കൈവരിക്കാനോ കഴിയാത്ത നഗരമായി ലണ്ടന്‍ മാറി. ലണ്ടനില്‍ ആളുകള്‍ക്ക് ശുഭകരമായ ഭാവിയുണ്ടെന്ന് കരുതാന്‍ പ്രയാസമാണെന്നാണ് പല്ലവിയുടെ വാദം. കുടുബത്തോടൊപ്പം താന്‍ യു.കെയിലെ ഇന്ത്യന്‍ റസ്റ്റൊറന്‍റായ ഡിഷൂമില്‍ പോയിരുന്നുവെന്നും വളരെ കുറച്ച് ഭക്ഷണം വാങ്ങിയപ്പോള്‍ തന്നെ 80 പൗണ്ട് (ഏകദേശം 8500 രൂപ) നല്‍കേണ്ടി വന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. ലണ്ടന്‍ നഗരം ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും എന്നാല്‍ നിലവിലെ ചെലവ് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നികുതിയെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ല. 42 ശതമാനമാണ് പ്രത്യക്ഷ നികുതി മാത്രം അടയ്ക്കേണ്ടി വരുന്നത്. പരോക്ഷ നികുതി കൂടിയാകുമ്പോള്‍ ലഭിക്കുന്ന ശമ്പളത്തിന്‍റെ 50 ശതമാനവും ടാക്സിനത്തില്‍ തന്നെ ചെലവഴിക്കേണ്ടി വരുന്നു. മക്കള്‍ക്ക് നല്ല ജോലി പോലും ഇവിടെ നിന്നാല്‍ ലഭിക്കുമോയെന്ന് ഉറപ്പില്ലെന്നും അവര്‍ ആശങ്കപ്പെട്ടു.
സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ചുവടെ നിറയുന്നത്. പല്ലവി ശരിയായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് ചിലര്‍ പിന്തുണച്ചു. അധികമാര്‍ക്കും ഇത് പലപ്പോഴും മനസിലാക്കാന്‍ കഴിയാറില്ലെന്നും കമന്‍റിലുണ്ട്. ട്രംപ് വന്ന ശേഷം യുഎസിലെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെയാണെന്ന് ഒരാള്‍ കുറിക്കുന്നു. അതേസമയം പല്ലവിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നവരുമുണ്ട്. പത്തുവര്‍ഷം ലണ്ടനില്‍ ജീവിച്ചിട്ടും ഇന്നും പൗണ്ടിനെ ഇന്ത്യന്‍ രൂപയുമായി ബന്ധിപ്പിച്ചാണ് കണക്ക് കൂട്ടുന്നതെങ്കില്‍ ഒന്നും പറയാനില്ലെന്നും നിങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്നുമാണ് കമന്‍റ്.