പൃഥ്വിരാജ് സുകുമാരൻ അതിഥിയായെത്തുന്ന "ബോട്ടിം ഓണമാമാങ്കം 2025" എന്ന മെഗാഷോക്കു മുന്നോടിയായുള്ള ആഘോഷങ്ങളും മത്സരങ്ങളും ഈ ആഴ്ച ഷാർജയിൽ അരങ്ങേറും. ഷാർജ ലുലു മുവൈലയിലും , ഷാർജ സെൻട്രൽമാൾ ലുലു ഹൈപ്പർമാർക്കറ്റിലുമായാണ് പരിപാടികൾ നടക്കുക. ഇക്വിറ്റി പ്ലസ് ഇവെന്റ്സ് ആണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
ഓഗസ്റ്റ് 30 ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ഷാർജ ലുലു മുവൈലയിൽ നടക്കുന്ന പരിപാടിയിൽ തിരുവാതിര, പായസപാചകം, സിനിമാറ്റിക് ഡാൻസ്, വടംവലി തുടങ്ങിയ മത്സരങ്ങളാണ് അരങ്ങേറുക. കൂടാതെ ഞായറാഴ്ച ഉച്ചക്ക് 2 മണിമുതൽ ഷാർജ സെൻട്രൽമാൾ സംനാൻ ലുലു ഹൈപ്പർമാർക്കറ്റിൽ കിഡ്സ് പെയിന്റിംഗ് ,പൂക്കളം ,പായസപാചകം , കിഡ്സ് ഫാൻസി ഡ്രസ്സ് ,മിസ്റ്റർ മലയാളി ,മലയാളി മങ്ക എന്നിവയിൽ മത്സരങ്ങൾ നടക്കും. ഒരു ലക്ഷം ദിര്‍ഹം വരെയുള്ള ലുലു വൗച്ചറുകളടക്കമുള്ള സമ്മാനങ്ങളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്.
ഓണമാമാങ്കം പരിപാടിയിൽ പങ്കെടുക്കാനുള്ള സൗജന്യ ടിക്കറ്റുകൾ സ്വന്തമാക്കാൻ നിരവധി അവസരങ്ങളാണ് ഇക്വിറ്റി പ്ലസ് ഒരുക്കുന്നത് . ONAMBOTIM എന്ന പ്രോമോ കോഡുപയോഗിച്ച് ഒരു രാജ്യാന്തര ധനവിനിമയ ഇടപാട് ബോട്ടിം വഴി നടത്തുമ്പോൾ , തിരഞ്ഞെടുക്കുന്ന ആയിരം ഭാഗ്യശാലികൾക്ക് സൗജന്യ എന്‍ട്രി ടിക്കറ്റുകള്‍ നൽകുമെന്നു പരിപാടിയുടെ മുഖ്യ പ്രയോജകരായ ബോട്ടിം അറിയിച്ചു.
യുഎഇയിലെ പ്രമുഖ ടാക്സ് കൺസൾട്ടിങ്ങ് കമ്പനിയായ DARTC (ഡാർറ്റീസി ) ആണ് ഓണമാമാങ്കത്തിന്റെ പ്രസന്റിങ്ങ് സ്പോൺസർ. കമ്പനിയുടെ സേവനങ്ങൾ ഇത്തരത്തിലുള്ള ഒരു മെഗാ ഇവെന്റിൽ ഭാഗമാവുന്നതോടെ കൂടുതൽ ജനകീയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി വക്താക്കൾ പറയുന്നു. സെപ്റ്റംബർ 7 ന് ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ 1,2,3 ഹാളുകളിയായി നടക്കുന്ന പരിപാടിയുടെ ടിക്കറ്റുകൾ www.platinumlist.net ലൂടെ ബുക്ക് ചെയ്യാം.