Image Credit: LinkedIn
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരന് നേരെ വീണ്ടും വംശീയ ആക്രമണം.കൗമാരക്കാരായ ആറംഗസംഘം തന്നെ ക്രൂരമായി മര്‍ദിച്ചെന്നാണ് ഇന്ത്യക്കാരനായ സംരംഭകന്‍ ഡോ.സന്തോഷ് യാദവ് ലിങ്ക്ഡ്ഇനില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്കേറ്റ പരുക്ക് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അക്രമിസംഘം തന്‍റെ മുഖത്ത് നിന്നും ഗ്ലാസ് വലിച്ചെറിയുകയും ഇടിച്ച് കവിളെല്ല് പൊട്ടിക്കുകയും ചെയ്തുവെന്നും സന്തോഷ് യാദവ് കുറിച്ചു.
അത്താഴം കഴിഞ്ഞശേഷം താമസസ്ഥലത്തിന് പുറത്തേക്ക് ഇറങ്ങി നടന്നതാണെന്നും പെട്ടെന്ന് ഒരു സംഘം കൗമാരക്കാര്‍ പിന്നിലൂടെ എത്തി ആക്രമിക്കുകയായിരുന്നുവെന്നും കുറിപ്പിലുണ്ട്. കണ്ണട അടിച്ച് പൊട്ടിച്ചതിന് പിന്നാലെ തലയ്ക്കും മുഖത്തും കഴുത്തിലും നെഞ്ചിലും, കയ്യും കാലുമെല്ലാം ഇടിച്ചും അടിച്ചും പൊട്ടിച്ചുവെന്നും രക്തം വാര്‍ന്നൊലിച്ചതോടെ വഴിയരികിലേക്ക് തള്ളിയിട്ട് ഓടിപ്പോയെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു. പോക്കറ്റില്‍ നിന്ന് ഫോണ്‍ എടുത്ത് പൊലീസിനെ വിളിച്ചതോടെ ആംബുലന്‍സ് എത്തി തന്‍റെ ജീവന്‍ രക്ഷിക്കുകയാണുണ്ടായതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കവിളെല്ല് തകര്‍ന്നുവെന്നും നിലവില്‍ താന്‍ പ്രത്യേക പരിചരണത്തിലാണെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
സമീപകാലത്തായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും അക്രമികള്‍ സ്വൈരമായി വിഹരിക്കുകയാണെന്നും സന്തോഷ് പറയുന്നു. അയര്‍ലന്‍ഡിലെ വിവിധ സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്ക് പുറമെ ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയെയും വിദേശകാര്യമന്ത്രാലയത്തെയും അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡറെയും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. കാന്‍പുര്‍ സ്വദേശിയാണ് അക്രമത്തിനിരയായ സന്തോഷ് യാദവ്. ഡബ്ലിനില്‍ സീനിയര്‍ ഡാറ്റ സയന്‍റിസ്റ്റായി ജോലി ചെയ്യുകയാണ് നിലവില്‍ അദ്ദേഹം. കഴിഞ്ഞ ശനിയാഴ്ചയും അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരന്‍ വംശീയമായി ആക്രമിക്കപ്പെട്ടിരുന്നു. ഡബ്ലിനിലെ തല്ലാട്ടിലായിരുന്നു അന്ന് ആക്രമണം ഉണ്ടായത്. മര്‍ദിച്ച് അവശനാക്കി അര്‍ധ നഗ്നനാക്കി യുവാവിനെ വഴിയില്‍ തള്ളിയാണ് അന്ന് കൗമാരക്കാരായ അക്രമികള്‍ കടന്നുകളഞ്ഞത്.