ഇറാന്‍ തിരിച്ചടിക്കുന്നത് കണക്കിലെടുത്ത് യുഎഇയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റജിസ്ട്രേഷന്‍ തുടങ്ങിയെന്ന് വ്യാജപ്രചാരണം. ‘ഒഴിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റജിസ്റ്റര്‍ ചെയ്യാം. വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടുക. ഇന്നലെ നയതന്ത്ര ഉദ്യോഗസ്ഥരെയും വഹിച്ച് ഒരു വിമാനം യുഎഇ വിട്ടു.’ എന്നെല്ലാം അവകാശപ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് അടക്കമാണ് എംഇഎ ഫാക്ട് ചെക്ക് ഡിവിഷന്‍റെ ട്വീറ്റ്.
‘ഈ പോസ്റ്റ് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇത്തരം കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ആധികാരിക വിവരങ്ങള്‍ക്ക് അബുദാബിയിലെയും ദുബായിലെയും ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്‍റെയും പേജുകള്‍ പിന്തുടരുക.’ – ഇതായിരുന്നു എംഇഎ ഫാക്ട് ചെക്ക് ഡിവിഷന്‍റെ ട്വീറ്റ്. യുഎഇയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ എക്സ് ഹാന്‍ഡിലുകളും ഇത് റീട്വീറ്റ് ചെയ്തിട്ടുണ്ട്.
ദുബായ് വിമാനത്താവളം അടച്ചതോടെ കുടുങ്ങിയ യാത്രക്കാര്‍ പാര്‍ക്കിങ് സ്ഥലത്ത് (AP Photo/Altaf Qadri)
ഇപ്പോഴത്തെ സങ്കീര്‍ണ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യുഎഇയിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അങ്ങേയറ്റം ജാഗരൂകരായി ഇരിക്കണമെന്ന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അഭ്യര്‍ഥിച്ചിരുന്നു. കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുകയും യുഎഇ അധികൃതര്‍ നല്‍കുന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്നും അബുദാബി എംബസി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
@IndembAbuDhabi ആണ് അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെ എക്സ് ഹാന്‍ഡില്‍. ദുബായ് കോണ്‍സുലേറ്റിന്‍റെ എക്സ് ഐഡി @cgidubai ആണ്. സൗദി അറേബ്യയിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയുടെ എക്സ് ഹാന്‍ഡിലില്‍ – @IndianEmbRiyadh – വിവരങ്ങള്‍ ലഭ്യമാണ്. @India_in_Iran ആണ് ഇറാനിലെ ഇന്ത്യന്‍ എംബസിയുടെ എക്സ് ഹാന്‍ഡില്‍. ഖത്തറിലേത് @IndEmbDoha എന്ന ഐഡിയും ആണ്. ബഹറിനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള അപ്ഡേറ്റുകള്‍ @IndiaInBahrain എന്ന എക്സ് ഹാന്‍ഡിലില്‍ ലഭ്യമാണ്.