2025 ലെ സിഡ്നിയിലെ ഓണാഘോഷത്തിന് തുടക്കം കുറിച്ച് നവോദയ സിഡ്‌നി. 'വന്നോണം 2025 ' എന്ന പേരിൽ നവോദയ സംഘടിപ്പിച്ച ഓണാഘോഷം സിഡ്‌നി-പരാമറ്റ ടൗൺ ഹാളിലും പരാമറ്റ സ്ക്വയറിലുമായി വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ശനിയാഴ്ച രാവിലെ 11 മണിക്ക് ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. ഉദ്ഘാടന ചടങ്ങിനു ശേഷം നടന്ന കേരളീയ പൈതൃകവും സംസ്കാരവും ഒത്തുചേർത്ത ഓണഘോഷയാത്ര മലയാളികക്കും മറ്റു വിദേശികൾക്കും ഒരുപോലെ ആവേശകരമായി.
ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ എത്തിയ മാവേലിക്കു പുറമേ തെയ്യം, കഥകളി, ഓട്ടൻ തുള്ളൽ, പുലിക്കളി, ഒപ്പന, മാർഗംകളി ഉൾപ്പെടെ വിവിധ കലാപരിപാടികളും കൂടി അരങ്ങേറിയതോടെ സിഡ്നിയിലെ പരാമറ്റ സ്ക്വയർ ഒരു കൊച്ചു കേരളമായി മാറി. സിറ്റി കൗൺസിലർമാരായ സമീർ പാണ്ഡെ, സൂസൈ ബെഞ്ചമിൻ ഉൾപ്പെടെ നിരവധി മൾട്ടി കൾച്ചറൽ പ്രതിനിധികൾ ആഘോഷത്തില്‍ പങ്കെടുത്തു. 5മണിക്കൂറോളം നീണ്ടു നിന്ന ആഘോഷങ്ങൾ 4 മണിയോടുകൂടി അവസാനിച്ചു.