കസാക്കിസ്ഥാനില്‍ എം.ബി.ബി.എസ് പഠനത്തിനു പോയ മലയാളി വിദ്യാര്‍ഥിനി ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടതിനാല്‍ നാട്ടിലേയ്ക്കു മടങ്ങാന്‍ കഴിയാതെ കുടുങ്ങി. ഗുരുവായൂര്‍ സ്വദേശിനിയായ സി.കെ.സജനയാണ് കസാക്കിസ്ഥാനില്‍ കുടുങ്ങിയത്. ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയാണ് കുടുംബം.
ഗുരുവായൂര്‍ സ്വദേശനിയായ സി.കെ.സജന കഴിഞ്ഞ വര്‍ഷമാണ് എം.ബി.ബി.എസ്. പഠനത്തിനു കസാക്കിസ്ഥാനിലേയ്ക്കു പോയത്. ആദ്യ വര്‍ഷത്തെ ഫീസ് ആറരലക്ഷം രൂപ കുടുംബം അടച്ചിരുന്നു. ബാക്കി തുക ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ തീരുമാനിച്ചു. ബാങ്ക് തുടക്കത്തില്‍ ഇതു സമ്മതിച്ചു. അങ്ങനെ, വിദ്യാര്‍ഥിനി കസാക്കിസ്ഥാനില്‍ പഠനം തുടങ്ങി. പിന്നാലെ, വായ്പയില്ലെന്ന ബാങ്കിന്റെ അറിയിപ്പെത്തി.
പ്രവാസി മലയാളിയായിരുന്നു അച്ഛന് കരുണന്. അമ്മ ശാന്തി ചെറിയ ജോലികള്‍ക്കു പോയിരുന്നു. പ്ലസ്ടുവില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു മകള്‍ക്ക്. എം.ബി.ബി.എസ് പഠിച്ച് ഡോക്ടറായ ശേഷം കുടുംബം രക്ഷപ്പെടുമെന്നായിരുന്നു ഈ ദമ്പതികളുടെ പ്രതീക്ഷ. വിദ്യാര്‍ഥിനിയുടെ പഠനം മുടങ്ങുമെന്ന് ഉറപ്പായി. ഇനി, കസാക്കിസ്ഥാനില്‍ നിന്ന് കുട്ടിയെ നാട്ടില്‍ എത്തിക്കാനുള്ള വഴിയാണ് കുടുംബം തേടുന്നത്. ഇന്ത്യന്‍ എംബസയിലാണ് ഇനി പ്രതീക്ഷ.