യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപിന് ശരിക്കും അടി തെറ്റി. ട്രംപ് അല്ലാതെ മറ്റാരുണ്ട് എന്ന ചോദ്യവുമായി മല്‍സരിച്ച്, തോറ്റു. തോറ്റെന്ന് കേരളത്തിലെ ഒരു പാര്‍ട്ടിയെപ്പോലെ ട്രംപിനൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് മനസിലാവുകയും ചെയ്തു ‘അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ എന്ന മുദ്രാവാക്യവുമായി സെനറ്റും ജനപ്രതിനിധി സഭയും നിലനിര്‍ത്തി ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാരായിരുന്നു ലക്ഷ്യം. പക്ഷേ രണ്ട് എന്‍ജിനും പാളം തെറ്റി. ഇനി ഒറ്റ എന്‍ജിനില്‍ പഴയ പവറില്ലാതെ ഓടണം. ട്രംപിന്റെ വീര്യത്തില്‍ വെള്ളം ചേര്‍ത്തതിലുള്ള ആശ്വാസവുമായി കേരളത്തിലും അമേരിക്കയിലും ലോകത്തെമ്പാടുമുള്ള മലയാളിക്ക് രണ്ടെണ്ണം കൂടുതല്‍ അടിക്കാമോ? ഇതാണ് നമ്മുടെ ചോദ്യം. അല്ലാതെ കേരളത്തില്‍ കുടുംബവേരുള്ള വിവേക് രാമസ്വാമിയും നിത്യ രാമനും തോറ്റാലോ ജയിച്ചാലോ മലയാളിക്ക് പ്രത്യേകിച്ചു ഗുണമൊന്നുമില്ല. കൂടി വന്നാല്‍ കൂട്ടത്തില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ നാട്ടിലായാവും വിദേശത്തായാലും ട്രംപിന്റെ കുറേ നടപടികള്‍ മലയാളിയുടെ അടിവേരിളക്കിയിട്ടുണ്ട്. ഇനിയൊന്ന് പച്ചപിടിക്കുമോ?

donald-trump

കുറേ ചോദ്യങ്ങളുണ്ട്. ഇറാനില്‍ പത്തിമടക്കി ട്രംപ് ഒതുങ്ങിയാല്‍ പെട്രോള്‍ വില കുറയുമോ? താരിഫെന്നും ചുങ്കമെന്നും പറഞ്ഞ് കുറേനാളായി പേടിപ്പിക്കുന്നു. പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍ എന്നു പറഞ്ഞതുപോലെ കേരളത്തില്‍ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പേടിക്കാന്‍ പലര്‍ക്കും ഓരോരോ കാരണങ്ങളായിരുന്നു. രാവിലെ ചാനല്‍ ഓണ്‍ ചെയ്ത് നോക്കുമ്പോള്‍ കാണാം– ബ്രേക്കിങ് ന്യൂസ്. ഒന്നുകില്‍ ട്രംപ് ഇറാനില്‍ ബോംബിട്ടു, അല്ലെങ്കില്‍ എച്ച് 1 ബി വീസയുടെ ഫീസ് വീണ്ടും കൂട്ടി, ഗ്രീന്‍ കാര്‍ഡിനു വീണ്ടും റെഡ് കാര്‍ഡായി എന്നിങ്ങനെ...

ഇതിനു പുറമേയാണ് വ്യക്തിപരമായ ആശങ്കകള്‍– അത് കേരളത്തിലെ മലയാളി, അമേരിക്കയിലെ മലയാളി, ഗള്‍ഫിലെ മലയാളി, യൂറോപ്പിലെ ഉള്‍പ്പെടെ മറ്റു പ്രദേശങ്ങളിലെ മലയാളി എന്നിങ്ങനെ തിരിക്കാം. വീട്, മികച്ച ജോലി, വിലക്കയറ്റം, മക്കളുടെ പഠനം, ഓണവും ക്രിസ്മസും ചെറിയ പെരുന്നാളും മറ്റും ആഘോഷിക്കുക, സംഘടനകളുണ്ടാക്കുക തുടങ്ങിയ മിനിമം അജന്‍ഡയാണ് അമേരിക്കന്‍ മലയാളിക്കുള്ളത്. പിന്നെ വല്ലപ്പോഴുമൊന്ന് നാട്ടില്‍ പോകണം. പറ്റുമെങ്കില്‍ ബന്ധുക്കളെ കൊണ്ടുവന്ന് അമേരിക്ക ഒന്നു കാണിക്കണം. ബൈഡന്റെ കാലത്ത് കുറച്ചു മാന്ദ്യമായിരുന്നു. ‘മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ എന്ന ട്രംപിന്റെ വാക്കുകേട്ട് ചാടിപ്പുറപ്പെട്ടു. കൂട്ടത്തില്‍ നമുക്കും കുറച്ച് ഗ്രേറ്റ് ആകാമെന്ന് കരുതി. പക്ഷേ, അടിപടലം തിരിച്ചടി കിട്ടി.

donald-trump

ഗ്രീന്‍കാര്‍ഡുള്ളവര്‍ക്ക് വരെ നാട്ടിലേക്ക് വരാന്‍ പേടി. ലോണെടുത്ത് വീടും മസ്റ്റാങ് കാറും വാങ്ങിയ ഗ്രീന്‍ കാര്‍ഡുകാര്‍ രണ്ടുപേര്‍ നാട്ടിലേക്ക് വന്നതാണ്. തിരിച്ചുപോയപ്പോള്‍ ഒരാളെ ചെന്നൈയിലും ഒരാളെ ദുബായിലും തടഞ്ഞു. പിന്നെ ഇതുവരെ അമേരിക്ക കാണാന്‍ പറ്റിയിട്ടില്ല. ചാക്കുകണക്കിന് രേഖകളുമായാണ് ചിലരുടെ നാട്ടിലേക്കുള്ള യാത്ര. ഇമിഗ്രേഷനില്‍ ഏതാണ് ചോദിക്കുന്നത് എന്നറിയില്ലല്ലോ. എല്ലാവര്‍ഷവും കൃത്യമായി നാട്ടില്‍ വന്ന് മരിച്ചുപോയ ഭര്‍ത്താവിന്റെ കല്ലറയില്‍ മെഴുകുതിരി കത്തിക്കുന്ന അമ്മച്ചി രണ്ടുവര്‍ഷമായി കല്ലറ കാണുന്നത് വിഡിയോ കോള്‍ വിളിച്ചാണ്. മെഴുകുതിരി കത്തിക്കുന്നത് ഭര്‍ത്താവിന്റെ പടത്തിനു മുന്നിലും. പോയാല്‍ പിന്നെ ഇങ്ങോട്ടു വരാന്‍ നോക്കേണ്ട, നോക്കാന്‍ ഞങ്ങള്‍ അങ്ങോട്ടും വരില്ലെന്നാണ് മരുമകളുടെ മുന്നറിയിപ്പ്. പിന്നെന്തു ചെയ്യും. ഇതേപോലെ, വിവാഹം ഉറപ്പിച്ചിട്ടും മിന്നുകെട്ടാന്‍ നാട്ടിലേക്ക് വരാത്തവര്‍, അമേരിക്കയില്‍ പോയ ഭര്‍ത്താവിനെ നേരിട്ടൊന്നു കാണാതെ ഡിപ്രഷനടിച്ച് കഴിയുന്ന ഭാര്യമാര്‍ എന്നിങ്ങനെ. ട്രംപ് നാടുവാണീടും കാലം മലയാളികളുടെ അമേരിക്കന്‍ ഡ്രീമിനെ തെല്ലൊന്നല്ല ഞെട്ടിച്ചത്.

എച്ച് 1 ബി വീസ, വര്‍ക് പെര്‍മിറ്റ്, പഠനം എന്നിങ്ങനെ അമേരിക്കയിലേക്കു പോകാന്‍ കൊതിക്കുന്ന കേരളത്തിലെ മലയാളിക്കും ഇത് ദുരിതകാലമായിരുന്നു. എച്ച് 1 ബി വീസയുള്ളവരുെട ജീവിതപങ്കാളിക്കുള്ള വീസ ഇളവ് നിന്നതോടെ പല പങ്കാളികളും നാട്ടില്‍ തന്നെയായി. വീസ തരുന്നതിനു മുന്‍പ് ഫെയ്സ്ബുക്കും ഇന്‍സ്റ്റയും അടിമുടി പരിശോധിക്കും. പള്ളിപ്പെരുന്നാളിന് വാങ്ങിയ കളിത്തോക്കുമായെടുത്ത സെല്‍ഫിയുടെ പടം പോലും ചിലപ്പോള്‍ കുരുക്കാവും. ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനായി വരുന്ന ഫ്രണ്ട് റിക്വസ്റ്റെല്ലാം അക്സപ്റ്റ് ചെയ്തവരും പെടും. അക്കൂട്ടത്തിലുണ്ടാവും ഏതെങ്കിലും ഒരു തലതെറിച്ചവന്‍. പിന്നെ ലോകവ്യാപകമായുള്ള പ്രശ്നങ്ങള്‍ വേറെയും. 50 രൂപയ്ക്ക് പെട്രോള്‍ എന്ന് പമ്പില്‍ ചെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയായി. ഹോട്ടലില്‍ ചായക്ക് മുതല്‍ ചിക്കന്‍ബിരിയാണിക്ക് വരെ വിലകൂടി. എല്ലാത്തിനും കാരണം ട്രംപും ഇറാന്‍ യുദ്ധവും ഹോര്‍മുസ് അടച്ചതും തന്നെ.

എന്തായാലും ഗള്‍ഫിലെ മലയാളിക്ക് കുറച്ച് ആശ്വസിക്കാനാവും. നെതന്യാഹുവിന്റെ പ്രശ്നം തീര്‍ക്കാന്‍ ട്രംപ് വരാന്‍ അല്‍പം സാധ്യത കുറവാണ്. ഇപ്പോള്‍ സൗദിയില്‍ മാത്രമാണ് പ്രശ്നം. മറ്റെല്ലാ ഗള്‍ഫ് രാജ്യങ്ങളും രക്ഷപെട്ട് നില്‍ക്കുകയാണ്. ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാരായിരുന്നെങ്കില്‍ ആ പവര്‍ തീര്‍ക്കാന്‍ ട്രംപ് ലോകത്ത് ചിലപ്പോള്‍ രണ്ടോ മൂന്നോ യുദ്ധങ്ങള്‍ കൂടി തുടങ്ങിയേനെ. അതു തീര്‍ത്താല്‍ അടുത്ത വര്‍ഷം വീണ്ടും സമാധാനത്തിനുള്ള നൊബേല്‍ ചോദിക്കാമല്ലോ.

യൂറോപ്പിലും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും തെല്ലൊന്ന് ആശ്വസിക്കാം. ട്രംപിന്റെ ഭരണ അജന്‍ഡ പ്രൊജക്ട് 2025 തയ്യാറാക്കിയത് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെട്ട തീവ്ര വലതുപക്ഷക്കാരാണ്. ട്രംപ് പുറപ്പെടുവിക്കേണ്ട എക്സിക്യുട്ടീവ് ഉത്തരവുകളുെട മാതൃക വരെ ഇതില്‍ ചേര്‍ത്തിരുന്നു. തീവ്ര കുടിയേറ്റ വിരുദ്ധ നടപടികള്‍ തുടങ്ങി വൈറ്റ് സുപ്രമസി വരെ ലക്ഷ്യമാക്കിയിട്ടുള്ള രേഖ. ട്രംപിനുണ്ടായ തിരിച്ചടി ഈ അജന്‍ഡയുടെ മുന്നോടുള്ള പോക്കിനെ ബാധിക്കുന്നത് അമേരിക്കയില്‍ മാത്രമല്ല, ട്രംപിനെ മാതൃകയാക്കിയ മറ്റ് രാജ്യങ്ങളിലുള്ള പാര്‍ട്ടികളെയുമാണ്. കൊളംബിയ, പെറു, അർജന്റീന, ചിലെ തുടങ്ങിയ രാജ്യങ്ങളില്‍ പോലും വലതുപക്ഷ ഭരണമാണ്. ഇതിന് തിരിച്ചടി തുടങ്ങിയത് സെര്‍ബിയയില്‍ സ്റ്റുഡന്റ് വിന്‍ വിജയത്തോടെ. പിന്നെ ബ്രസീലില്‍ ട്രംപിന്റെ പിണിയാള്‍ ബൊല്‍സനാരോ, ഇസ്രയേലില്‍ നെതന്യാഹൂ എന്നിങ്ങനെ. ഒരു അടിക്ക് ഒരു തിരിച്ചടിയുണ്ടാവും. അത് എവിടെയായാലും.

ട്രംപില്ലാത്ത ലോകം അത് ബ്രേക്കിങ് ന്യൂസില്ലാത്ത ന്യൂസ് ചാനല്‍ പോലെയാവും എന്ന് കരുതേണ്ട. സിംഗിള്‍ എന്‍ജിന്‍ ആണെങ്കിലും ട്രംപ് രണ്ടുവര്‍ഷം കൂടി ഓടും. അതിന് മുന്‍പ് ഡെമോക്രാറ്റുകള്‍ ഇംപീച് ചെയ്യുമെന്നൊന്നും കരുതാന്‍ ഇപ്പോള്‍ ആവില്ല. ട്രംപിന്റെ എന്‍ജിന്‍ നിലവിലുള്ള പാളങ്ങളില്‍ കൂടി ഓടണമെന്നും നിര്‍ബന്ധമില്ല. സ്വന്തമായി പാളങ്ങള്‍ തീര്‍ത്ത് ഒാടുന്നവനാണ് ട്രംപ്. മലയാളികളും അങ്ങനെയാണ്. ലോകത്ത് എവിടെയാണെങ്കിലും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവരാണ് ചിലര്‍. പണ്ട് ബ്രിട്ടീഷുകാരെ കണ്ട് കോട്ടും സൂട്ടുമിട്ടവര്‍. അമേരിക്കയില്‍ പോയാല്‍ വേഷം മാത്രമല്ല, ചിന്തയും ഒപ്പം സ്വഭാവവും വെള്ളക്കാരെപ്പോലെയാവുന്നതും സ്വാഭാവികം.

ENGLISH SUMMARY:

The recent US midterm election setbacks for Donald Trump have brought a wave of relief and anxiety alike to Malayalis residing globally, from the US and Gulf to Europe. Trump's aggressive policies, including H-1B visa restrictions, stringent green card hurdles, and looming geopolitical conflicts, have severely disrupted the "American Dream" for many Keralites. While the political check on Trump's administration curtails far-right extremes and potential global escalations, expatriates continue to navigate the profound personal and financial fallout of his strict immigration and economic stances. Ultimately, the article reflects on how global political shifts directly echo in the everyday lives and aspirations of the Malayali diaspora.