ഖത്തര്‍ കെഎംസിസി ഓഫിസിലെ എട്ടുകോടി രൂപ കവര്ന്നതില് പ്രതികളിലൊരാളായ റൊട്ടാന റസാഖിനെ മുസ് ലിം ലീഗില്‍ നിന്ന് പുറത്താക്കി. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബോംബെ ഷാജി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ഉന്നതരിലേയ്ക്ക് നീളുകയാണ്.
കവര്‍ച്ചയില്‍ പങ്കില്ലെന്നും ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയുമുണ്ടെന്ന റൊട്ടാന റസാഖിന്റെ ഈ പ്രതികരണത്തിന് പിന്നാലെയാണ് പുറത്താക്കിക്കൊണ്ടുള്ള നടപടി. മുസ് ലിം ലീഗില്‍ നിന്നും കെഎംസിസി അടക്കമുള്ള പോഷക സംഘടനയില്‍ നിന്നും കുന്നുമ്മല്‍ റസാഖ്, അഥവാ റൊട്ടാന റസാഖിനെ പുറത്താക്കിയെന്നാണ് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ അറിയിപ്പ്.
അതിനിടെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ബോംബെ ഷാജി എന്ന ഷാജഹാന് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഒളിവില്‍ പോയ മറ്റുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാണ്. കവര്‍ച്ചാ മുതല്‍ വീതം വയ്ക്കുന്നതിലെ തര്‍ക്കമാണ് മോഷണവിവരം പുറത്തുവരാന്‍ കാരണമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കവര്‍ച്ചയ്ക്കായി കൊയിലാണ്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതാണെന്നാണ് വിവരം. ക്വട്ടേഷന്‍ നല്കിയവരെക്കുറിച്ചും നിര്‍ണായക സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
കെഎംസിസി ഓഫിസില്‍ ഇത്രയും വലിയ തുക സൂക്ഷിച്ചിട്ടുണ്ടെന്ന് അധികമാര്‍ക്കും അറിയില്ല. അതിനാല്‍ പണം സൂക്ഷിച്ചവിവരം കൃത്യമായി അറിയാവുന്ന ആളാണ് കവര്‍ച്ചയുടെ പ്രധാന ആസൂത്രകന്‍. അന്വേഷണത്തിന് പ്രത്യേകസംഘം ഉടന്‍ ഖത്തറിലേയ്ക്ക് തിരിക്കും.