സൗദിയില്‍ നിരോധിത മരുന്ന് കൈവശം സൂക്ഷിച്ചതിന് കസ്റ്റഡിയിലെടുത്ത വയനാട് അയ്യങ്കൊല്ലി സ്വദേശി ഫിലോമിനയെ വിട്ടയച്ചു. ഈ മാസം 10ന് ബെംഗളൂരുവില്‍ നിന്ന് ജിദ്ദ വഴി റിയാദിലേക്കുളള യാത്രക്കിടെ ജിദ്ദ കസ്റ്റംസ് ആണ് നിരോധിത മരുന്ന് കണ്ടെത്തിയത്. എന്നാല്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുടെയും നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റിന്റെയും പരിശോധനയില്‍ ലഹരി മരുന്നല്ലെന്ന് തെളിയുകയായിരുന്നു. ഇതോടെയാണ് ഫിലോമിനയെ വിട്ടയച്ചത്.

വാര്‍ഷികാവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെയാണ് ജിദ്ദ വിമാനത്താവളത്തിൽ വച്ച് ഫിലോമിനയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 10ന് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ഫിലോമിന ജിദ്ദയിലേക്ക് തിരിച്ചത്. ജിദ്ദയിൽ ഇറങ്ങി അവിടെനിന്ന് കണക്ഷൻ ഫ്ലൈറ്റ് മാർഗം റിയാദിലേക്ക് പോകാനായിരുന്നു പദ്ധതി. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ റിയാദ് കിംഗ് ഫഹദ് ആശുപത്രിയിലെ നഴ്‌സാണ് ഫിലോമിന.

രാജ്യത്ത് നിരോധനമുള്ള മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. വിമാനത്താവളത്തിലിറങ്ങിയ ഉടൻ, രാത്രി ഫിലോമിന പിതാവ് രവിക്കും ഭർത്താവ് ജോണിനും ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. വിമാനത്താവള ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയെന്നും ഫോൺ കൈമാറാൻ ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. പിന്നീട് കുടുംബം അറിയുന്നത് പൊലീസ് കസ്റ്റഡിയിലാണെന്നായിരുന്നു. ഫിലോമിനയുടെ മോചനം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആശ്വാസമാകുകയാണ്. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി - ശെൽവി ദമ്പതികളുടെ മകളാണ് ഫിലോമിന.

ENGLISH SUMMARY:

Philomina, a nurse from Wayanad working at King Fahad Hospital in Riyadh, was released by Saudi authorities after being detained at the Jeddah airport for carrying a restricted medicine. She was intercepted by Jeddah Customs on October 10 during her transit from Bengaluru to Riyadh after spending her annual leave. Following mandatory laboratory and regulatory inspections by the Saudi Food and Drug Authority and Narcotics Control Directorate, it was confirmed that the substance was not a narcotic drug. Her release has brought immense relief to her family back in Kerala, who had grown deeply anxious after receiving her final voice message prior to the detention.