വിയന്നയില്‍ ഓണാഘോഷം കെങ്കേമമാക്കി ശശി തരൂര്‍ എംപി. ശനിയാഴ്ച നഗരത്തില്‍ മലയാളി റസ്റ്ററന്‍റ് ഉടമകള്‍ സംഘടിപ്പിച്ച ചടങ്ങിലാണ് മാവേലിക്കൊപ്പം തോളോട് ചേര്‍ന്ന് തരൂര്‍ തിളങ്ങിയത്. നാട്ടിലെ ഓണം പത്ത് ദിവസം മുന്‍പ് കഴിഞ്ഞു. ആഘോഷമെന്ന് പറഞ്ഞപ്പോള്‍ അതിന് അനുയോജ്യമായ വസ്ത്രം സംഘടിപ്പിച്ചെന്നും ആഘോഷം കണ്ട് നിരവധി ഓസ്ട്രിയന്‍ പൗരന്‍മാരും കൗതുകത്തോടെ എത്തിയെന്നും തരൂര്‍ പറഞ്ഞു.
ഓസ്ട്രിയ സന്ദര്‍ശനത്തിനിടെ അപ്രതീക്ഷിതമായാണ് തരൂരിന് ഓണാഘോഷത്തിന് ക്ഷണം കിട്ടിയത്. ഇതോടെ ഒരു മുണ്ടും കുര്‍ത്തയും മേല്‍മുണ്ടും സംഘടിപ്പിച്ച് തരൂര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. പങ്കെടുത്ത മലയാളികള്‍ക്ക് ആശംസകള്‍ നേരാനും തരൂര്‍ മറന്നില്ല. ഓസ്ട്രിയയില്‍ ലോക മലയാളി ഫെഡറേഷന്‍റെ ആസ്ഥാനത്തും തരൂര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആശംസകളും നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്.