Image: Manorama
പ്രിയപ്പെട്ട പപ്പയുടെ ചേതനയറ്റ മുഖം അവര്‍ അവസാനമായി കണ്ടത് മൊബൈല്‍ സ്ക്രീനിലൂടെ. മൃതദേഹം കുളിപ്പിച്ച ശേഷം നമസ്കാരത്തിനായി ഹറമിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുൻപാണ് മഞ്ചേരി സ്വദേശി ഷബീർ കട്ടിലിനെ ഭാര്യയും മക്കളും ഒരുനോക്കു കണ്ടത്. കണ്ടയുടന്‍ കരഞ്ഞുനിലവിളിച്ച് രണ്ടു മക്കളും പറഞ്ഞ വാക്കുകള്‍ കേട്ട് ചുറ്റിലും നിന്നവരുടെ ചങ്കു പിളര്‍ന്നു, അത്രമാത്രം വേദനാജനകമായ നിമിഷമായിരുന്നു അത്.
വിശുദ്ധ ഹറമിൽ ഇഅ്തികാഫ് ഇരിക്കെയാണ് ഷബീര്‍ മരണത്തിലേക്ക് നടന്നുപോയത്. റമസാനിലെ അവസാന പത്തിൽ പുണ്യം തേടി ഹറമിലെത്തിയ മലപ്പുറം മഞ്ചേരി ഹാജിയാർ പള്ളി സ്വദേശി ഷബീർ കട്ടിൽ (48), പ്രാർഥനാനിർഭരമായ നിമിഷങ്ങൾക്കിടയിലാണ് വിടപറഞ്ഞത്. ജിദ്ദയിൽ ദീർഘകാലം പ്രവാസിയായിരുന്ന ഷബീർ, പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പിന്നീടാണ് വീണ്ടും പ്രവാസിയായി ജിദ്ദയിൽ എത്തിയത്.
മക്കയിലുള്ള ജേഷ്ഠന്റെ മകന്റെ സുഹൃത്ത് കണ്ണൂർ സ്വദേശി ഫുആദ് ഫൈസലിനൊപ്പം താമസിച്ചിരുന്ന ഷബീറിനെ മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായിരുന്നു. രണ്ട് ദിവസമായി മുറിയിൽ വരാത്തതിനാലും ഫോൺ എടുക്കാത്തതിനാലും പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് റിയാദിലും ജിദ്ദയിലുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും ഷബീറിനെ കാണാന്‍ മക്കയിലേക്ക് ഓടിയെത്തി.
കെഎംസിസി പ്രവർത്തകനായ ബഷീർ മാനിപുരത്തിന്റെ നേതൃത്വത്തിൽ മൃതദേഹം സംസ്കരിക്കാനുള്ള കോൺസുലേറ്റ് നടപടികളും, സഹീർ മൊഗ്രാൽ പുത്തൂറിന്റെ നേതൃത്വത്തിൽ ഹറം പൊലീസ് സ്റ്റേഷനിലെ മറ്റു കാര്യങ്ങളും വേഗത്തിൽ പൂർത്തിയാക്കി.
മക്കയിലും പരിസരത്തും മൃതദേഹങ്ങൾ കുളിപ്പിക്കാനും മറ്റു കർമ്മങ്ങൾക്കും സാക്ഷിയായിട്ടുണ്ടെന്നും എന്നാൽ ഇത്രമേൽ ഹൃദയം തകർന്ന മറ്റൊരു അനുഭവം ഉണ്ടായിട്ടില്ലെന്നുമാണ് മക്കയിലെ സാമൂഹ്യ പ്രവർത്തകൻ മൊഗ്രാൽ പുത്തൂർ സ്വദേശി സഹീർ പറഞ്ഞത്. മക്കളുടെ സ്നേഹചുംബനങ്ങൾ നേരിട്ട് ഏറ്റുവാങ്ങാനാവാത ആ പിതാവ് യാത്രയായി.