uae

ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് 19 ഇന്ത്യക്കാർ ഉൾപ്പെടെ 35 പേരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് യുഎഇ ഭരണകൂടം. വ്യോമാക്രമണവുമായി ബന്ധപ്പെട്ട കൃത്രിമ ദൃശ്യങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി.

പ്രതികൾ വിചാരണ നേരിടേണ്ടിവരുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. രണ്ട് ഭാഗങ്ങളായാണ് നടപടി. ഏറ്റവും പുതിയ പട്ടികയിൽ 17 ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 25 വ്യക്തികൾ ഉൾപ്പെടുന്നു. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 10 പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു.

വ്യാജ വിവരങ്ങളുടെയും കൃത്രിമ ഉള്ളടക്കത്തിന്‍റെയും  വ്യാപനം തടയുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെ കർശനമായി നിരീക്ഷിച്ചതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. സൈനിക നടപടികളുമായി ബന്ധപ്പെട്ട യഥാർഥ വീഡിയോകൾ പ്രചരിപ്പിച്ചതും, AI ഉപയോഗിച്ച് വീഡിയോകൾ നിർമ്മിച്ചതും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു. 

രാജ്യത്തിന്‍റെ വ്യോമാതിർത്തിയിൽ മിസൈലുകൾ കടന്നുപോകുന്നതും നശിപ്പിക്കുന്നതും പ്രചരിപ്പിച്ചു, പൊതുജനങ്ങളുടെ ഉത്കണ്ഠയും പരിഭ്രാന്തിയും ഉണർത്തുന്ന രീതിയിൽ ശബ്ദ ഇഫക്റ്റുകൾ ചേർത്തു തുടങ്ങിയവയും കുറ്റകൃത്യങ്ങളിൽ പെടുന്നു. സുരക്ഷാ ഭീഷണികളെ തെറ്റായി സൂചിപ്പിക്കുന്ന വീഡിയോകളിൽ കുട്ടികളുടെ വികാരങ്ങൾ ചൂഷണം ചെയ്യുന്നതും ഉൾപ്പെടുന്നു. 

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്ത്, ഫിലിപ്പിയൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. യുഎഇയിൽ, ഇത്തരം പ്രവൃത്തികൾ നിയമപ്രകാരം കുറഞ്ഞത് 1 വർഷം തടവും കുറഞ്ഞത് 1,00,000 ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.

ENGLISH SUMMARY:

UAE arrests Indians for spreading misinformation regarding Iran's aerial attacks. The authorities are taking strict action against individuals, including 19 Indians, who shared misleading videos and artificial content on social media, leading to widespread panic and anxiety.