റസ്റ്ററന്‍റിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന തന്‍റെ കാറില്‍ അജ്ഞാതന്‍ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത ഇന്ത്യക്കാരന് ദാരുണാന്ത്യം. ഇന്ത്യന്‍ വംശജനായ അര്‍വി സിങ് സാഗുവാണ് കൊല്ലപ്പെട്ടത്. കാനഡയിലെ എഡ്മന്‍ടണില്‍ ഈ മാസം 19നായിരുന്നു സംഭവം. കൂട്ടുകാരിയുമൊത്ത് ഭക്ഷണം കഴിച്ച ശേഷം റസ്റ്ററന്‍റില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരികയായിരുന്നു സാഗു. പാര്‍ക്ക് ചെയ്തിരുന്ന തന്‍റെ കാറിലേക്ക് ഒരാള്‍ മൂത്രമൊഴിക്കുന്നത് കണ്ടതും, 'നിങ്ങളെന്താണീ ചെയ്യുന്നത്' എന്ന് സാഗു ചോദിച്ചു. 'എനിക്കിഷ്ടമുള്ളതെല്ലാം ചെയ്യു'മെന്നായിരുന്നു അജ്ഞാതന്‍റെ മറുപടി. ഇതിന് പിന്നാലെ അജ്ഞാതന്‍ സാഗുവിന് നേര്‍ക്കെത്തുകയും നെറ്റിയില്‍ ആഞ്ഞിടിക്കുകയും ചെയ്തു. 

അപ്രതീക്ഷിതമായ ആക്രമണത്തില്‍ സാഗു ബോധരഹിതനായി വീണു. സുഹൃത്ത് ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍വീസില്‍ വിവരമറിയിക്കുകയും പ്രാഥമിക ശുശ്രൂഷയ്ക്ക് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അഞ്ച് ദിവസം ബോധരഹിതനായി കിടന്ന സാഗുവിന് ഇന്നലെ ജീവന്‍ നഷ്ടമായി.

സംഭവത്തില്‍ കെയ്​ല്‍ പാപിന്‍ എന്ന നാല്‍പതുകാരന്‍ പ്രദേശവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കും മുന്‍പരിചയമില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ബിസിനസുകാരനായ സാഗുവിന് കൗമാരക്കാരായ രണ്ട് മക്കളുണ്ട്. കുടുംബത്തെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഫണ്ട് റെയ്​സിങ് ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Arvinder Singh Saggu was killed in Canada after confronting a man urinating on his car. The Indian-origin businessman died after being in a coma for five days following the assault outside an Edmonton restaurant.