മുറിയിലെ എ.സി പൊട്ടിത്തെറിച്ച് റിയാദില്‍ മലയാളി യുവാവ് മരണപ്പെട്ടു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിന്റെ മകൻ സിയാദ് (36) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എ.സി പൊട്ടിത്തെറിച്ച് സിയാദിന് ഗുരുതരമായി പരുക്കേറ്റത്. ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്നലെ ഉച്ചയോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയായിരുന്നു.
എ.സിയുടെ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. റിയാദ് എക്സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സിയാദ്. ഏഴുവർഷമായി സിയാദ് ഇവിടെയാണ് ജോലി ചെയ്തിരുന്നത്. എക്സിറ്റ് ഒമ്പതിലെ അൽ മുവാസത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് സിയാദിനെ പ്രവേശിപ്പിച്ചിരുന്നത്. ഇതേ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം റിയാദിലെ നസീം ഹയ്യൂൽ സലാം മഖ്ബറയിലാണ് ഖബറടം. സിയാദിന്‍റെ ബന്ധു റിയാദിലുണ്ട്. എറണാകുളം പ്രവാസി അസോസിയേഷൻ ഭാരവാഹികളും ഖബറടക്കത്തില്‍ പങ്കെടുക്കും. ഉമ്മു ഖുൽസുവാണ് സിയാദിന്‍റെ മാതാവ്. ഏക സഹോദരി: സുമയ്യ, സഹോദരി ഭർത്താവ്: അബ്ദുല്ലതീഫ്.