Image: X,kanishkanarayan

  • ബിഹാറിനു അഭിമാനമായി കനിഷ്ക നാരായണ്‍. ബ്രിട്ടണില്‍ ആദ്യ എഐ മന്ത്രിയായി ചുമതലയേറ്റു

ബ്രിട്ടണില്‍ ആദ്യ എഐ മന്ത്രിയായി ബിഹാര്‍ സ്വദേശി ചുമതലയേറ്റു. മുസഫര്‍പുരില്‍ ജനിച്ച കനിഷ്ക നാരായണ്‍ ആണ് ബിഹാറിന്റെ അഭിമാനമായി മാറുന്നത്. യുകെയുടെ ചരിത്രത്തിലെ ആദ്യ എഐ മന്ത്രിയായി ചുമതലയേല്‍ക്കുന്ന കനിഷ്കന്റെ നേട്ടം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയാണ്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ പുതിയൊരു ചരിത്രം കുറിക്കുകയാണ് യുകെ. പുതിയ പദവിയിലെത്തുന്ന കനിഷ്കയെ അഭിനന്ദിച്ച് ഗൂഗിള്‍ എഐ തലവനും നൊബേല്‍ പുരസ്കാര ജേതാവുമായ ഡെമിസ് ഹസാബിസ് രംഗത്തെത്തിയതോടെ വിഷയം ആഗോളശ്രദ്ധ നേടുകയാണ്. ഇതൊരു മികച്ച വാര്‍ത്തയാണെന്ന് ഡെമിസ് ട്വിറ്ററില്‍ കുറിച്ചു. 

കനിഷ്കയുടെ 12ാം വയസിലാണ് മാതാപിതാക്കള്‍ ബിഹാറില്‍ നിന്നും വെയില്‍സിലെ കാര്‍ഡിഫിലേക്ക് താമസം മാറിയത്. തുച്ഛമായ വരുമാനത്തിലുള്ള ജീവിതമായിരുന്നു ഈ കുടുംബത്തിന്റേത്. മാതാപിതാക്കളുടെ ബുദ്ധിമുട്ട് അറിഞ്ഞുള്ള ജീവിതമായിരുന്നു കനിഷ്കയുടേതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്റ്റേറ്റ് സ്കൂളില്‍ പഠനമാരംഭിച്ച കനിഷ്ക തന്റെ കഴിവുകൊണ്ട് ബ്രിട്ടണിലെ പ്രശസ്തമായ എറ്റണ്‍ കോളജില്‍ സ്കോളര്‍ഷിപ്പോടെ പ്രവേശനം നേടി. പിന്നാലെ ഓക്സ്ഫോര്‍ഡില്‍ നിന്നും പൊളിറ്റിക്സ്, സാമ്പത്തിക ശാസ്ത്രം, തത്വശാസ്ത്രം എന്നിവയില്‍ ബിരുദവും യുഎസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എം.ബി.എ.യും പൂര്‍ത്തിയാക്കി. 

ലേബര്‍ പാര്‍ട്ടിയിലൂടെയാണ് കനിഷ്ക രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. പാര്‍ട്ടി അധികാരത്തിലെത്തിയതോടെ അദ്ദേഹം പാർലമെന്ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റായി നിയമിക്കപ്പെട്ടു. തുടര്‍ന്നാണ് എഐ മന്ത്രിപദവിയിലേക്ക് എത്തുന്നത്. ചുമതലയേറ്റ ശേഷം താന്‍ ആദ്യം സംസാരിച്ചത് ഡെമിസ് ഹസാബിസിനോടാണെന്നും ബ്രിട്ടണില്‍ എഐ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ചയെന്നും കനിഷ്ക പറയുന്നു. ബിഹാറിനു മാത്രമല്ല ഇന്ത്യയ്ക്കാകെ അഭിമാനമായി മാറുകയാണ് കനിഷ്ക. 

Bihar-Born Kanishka Narayan Appointed as UK’s First AI Minister:

Bihar-born Kanishka Narayan has made history by becoming the UK’s first Minister for Artificial Intelligence as a Parliamentary Under-Secretary of State in the Labour government. Born in Muzaffarpur, Kanishka moved to Wales at age 12, earned scholarships to Eton College, and completed degrees at Oxford and Stanford Universities. Google DeepMind CEO and Nobel laureate Demis Hassabis publicly congratulated Kanishka on X (formerly Twitter), calling his appointment "great news." Following his appointment, Kanishka revealed that his primary focus is working with tech leaders like Hassabis to drive AI-driven job creation across the UK.