പെണ്‍കരുത്തിന്‍റെ നിലയ്ക്കാത്ത ശബ്ദത്തിന് ഇന്ന് 27 വയസ്സ്. പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചോരചിന്തി പോരാടിയ മലാല യൂസുഫ് സായിയുടെ ജന്മദിനം മലാല ദിനമാണ്.
ആരാണ് മലാല ? പതിനാലാം വയസില്‍ പാക്കിസ്ഥാനി പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ച ചോദ്യം. മതതീവ്രതയുടെ വാളുയര്‍ത്തിപ്പിടിച്ച താലബാന്‍ ഭീകരര്‍ മലാലയ്ക്കു നേരെ നിറയൊഴിക്കും മുന്‍പ് അവസാനമായി ചോദിച്ച ചോദ്യം. വെടിയുണ്ടകള്‍കൊണ്ട് അവളെ അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചവര്‍ക്കു മുന്‍പില്‍ മരണത്തോട് മല്ലടിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് താലിബാന്‍ ഭീകരതയുടെ ചോദ്യത്തിനുള്ള ഉത്തരവുമായിട്ടായിരുന്നു. ഞാന്‍ മലാല.
ഖൈബര്‍ പ്രവിശ്യയിലെ വനിതാ അവകാശ പ്രവര്‍ത്തകന്‍ സിയാവുദ്ദീന്‍ യൂസഫ്സായിയുടെ മകളായ മലാല ലോക ശ്രദ്ധയാകര്‍ഷിച്ചത് മരണത്തെ മുഖാമുഖം കണ്ടിട്ടും തെല്ലും ഇളക്കം തട്ടാതെയുള്ള നിശ്ചയദാര്‍ഢ്യം കൊണ്ടാണ്. പെഷവാറിലെ പത്രലേഖകര്‍ക്കു മുല്‍പില്‍ താലിബാന്‍ ഭീകരതയ്ക്കെതിരെ 2012ല്‍ പതിനൊന്നാം വയസ്സില്‍ മലാല തുറന്നടിച്ചു. പ്രാദേശിക നേതാവായ മൗലാന ഫസലുള്ളയുടെ കാടന്‍ തീരുമാനങ്ങളെ ചോദ്യം ചെയ്ത മലാല പെണ്‍ വിദ്യാഭ്യാസത്തെ നിഷേധിക്കാന്‍ താലിബാന് എന്ത് അവകാശം എന്ന ചോദ്യം ഉന്നയിച്ചു.
സഹപാഠികള്‍ക്ക് മുന്‍പിലിട്ട് തലയില്‍ നിറയൊഴിച്ചായിരുന്നു താലിബാന്‍റെ മറുപടി. ലോകത്തിന്‍റെയാകെ പ്രാര്‍ഥനകള്‍ മലാലയ്ക്കായി ഉയര്‍ന്നു. ലണ്ടനില്‍ മാസങ്ങള്‍ നീണ്ട ചികില്‍സക്കൊടുവില്‍ അല്‍ഭുത ചിറകേറി മലാല മടങ്ങിയെത്തി; കൂടുതല്‍ പോരാട്ടവീര്യത്തോടെ. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദിച്ച അവളുടെ പ്രയത്നങ്ങള്‍ക്കുള്ള അംഗീകാരം ആയിരുന്നു പതിനേഴാം വയസ്സില്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം.
മലാലയുടെ പോരാട്ടം അവസാനിക്കുന്നില്ല. പോരാട്ടത്തിന്‍റെ പെണ്‍കരുത്തിന് ഒപ്പം നിന്ന് കരുത്തുപകരാന്‍ ജീവിത പങ്കാളിയായ അസര്‍ മാലിക്കും ഒപ്പമുണ്ട്. നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ക്ക് മുന്‍പില്‍ മനക്കരുത്തിന്‍റെ ആള്‍രൂപമായി മാറാന്‍ ഇനിയും ധാരാളം മലാലമാര്‍ സ്വാതിന്‍റെ താഴ്‌വരയില്‍ ജനിക്കട്ടെ.