ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടത്തിന് തൊട്ടരികെയാണ് നാസയുടെ ശാസ്ത്രജ്ഞനായ അനില്‍ മേനോന്‍. 2026ല്‍ റഷ്യയുടെ സോയൂസ് എംഎസ്–29 പേടകത്തിലാണ് അനില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോവുക. കസാഖിസ്ഥാനിലെ ബെയ്ക്ക്നൂറില്‍ നിന്നാകും വിക്ഷേപണം. റഷ്യയുടെ പയതോര്‍ ദുബ്രോവും അന്ന കികിനയുമാണ് സഹയാത്രികര്‍. വിവിധ പരീക്ഷണങ്ങള്‍ക്കായി എട്ടുമാസം ഇവര്‍ ബഹിരാകാശത്ത് ചെലവിടും.
അനിലെന്ന ബഹുമുഖപ്രതിഭ
45കാരനായ അനില്‍ 1976ല്‍ മിനിസോട്ടയിലാണ് ജനിച്ചത്. യു.എസിലേക്ക് കുടിയേറിയ ശങ്കരന്‍ മേനോന്റേയും യുക്രെയ്ന്‍കാരിയായ എലിസബത്ത് സാമോലെങ്കോയുടേയും മകനാണ്. 1995ല്‍ മിനിസോട്ടയിലെ സമ്മിറ്റ് സ്കൂളില്‍ നിന്നും സെന്റ് പോള്‍ അക്കാദമിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അനില്‍ ഹാര്‍വാഡ‍് സര്‍വകലാശാലയില്‍ നിന്ന് ന്യൂറോളജിയില്‍ ബിരുദം നേടി. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും 200ല്‍ സ്റ്റാന്‍ഫോഡ് മെഡിക്കല്‍ സ്കൂളില്‍ നിന്ന് ഡോക്ടര്‍ ഓഫ് മെഡിസിന്‍, 2009ല്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്ന് എമര്‍ജന്‍സി മെഡിസിന്‍ എന്നിവയിലും യോഗ്യത നേടി.വൈല്‍ഡേര്‍നെസ് മെഡിസിന്‍, എയറോസ്പേസ് മെഡിസിന്‍, പബ്ളിക് ഹെല്‍ത്ത്, വില്‍ഡര്‍നെസ് മെഡിസിന്‍ എന്നിവയിലും ബിരുദമുണ്ട്.
വ്യോമസേനയിലെ ഫ്ലൈറ്റ് സര്‍ജനായിരുന്ന അദ്ദേഹം വ്യോമസേനയ്ക്ക് വേണ്ടിയുളള വിവിധ മെഡിക്കല്‍ ദൗത്യങ്ങളുടെ ഭാഗമായിരുന്നു. അഫ്ഗാനിസ്ഥാനിലെ യു.എസ് സൈനിക ദൗത്യം,2010 ലെ ഹെയ്തി ഭൂകമ്പം, 2015ലെ നേപ്പാള്‍ ഭൂകമ്പം, 2011ലെ റെനോ എയര്‍ഷോ അപകടം എന്നിവയിലെ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ അംഗമായിരുന്നു. പോളിയോ വാക്സിനേഷന്‍ പഠിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി അദ്ദേഹം ഇന്ത്യയിലും ഒരു വര്‍ഷം ചെലവഴിച്ചിട്ടുണ്ട്. സര്‍ട്ടിഫൈഡ് ഫ്ലൈറ്റ് ഇന്‍സ്ട്രക്ടറായ അനില്‍ മേനോന് 1000 മണിക്കൂറിലധികം വിമാനം പറത്തിയതിന്റെ പരിചയവുമുണ്ട്.
2014ലാണ് അനില്‍മേനോല്‍ നാസയില്‍ ഫ്ലൈറ്റ് സര്‍ജനായെത്തുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ കൊണ്ടുപോകുന്നതിനുളള വിവിധ പര്യവേഷണങ്ങള്‍ക്കായി ക്രൂ ഫ്ളൈറ്റ് സര്‍ജനായും അനില്‍ നാസയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018ലാണ് സ്പേസ് എക്സില്‍ എത്തുന്നത്. സ്പേസ് എക്സിന്റെ ആദ്യ ഫ്ലൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു അനില്‍ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍, ഇന്‍സ്പിരേഷന്‍ 4, ഡെമോ 2 എന്നീ ദൗത്യങ്ങളില്‍ പങ്കാളിയായിരുന്നു. 2021ല്‍ അദ്ദേഹം സ്പേസ് എക്സ് വിട്ടു. 2021ലാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത്. 12,000 അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്തുപേരില്‍ ഒരാളായി. 2022 മുതല്‍ പരിശീലനത്തിലാണ്
സ്പെയ്സ് എക്സില്‍ ജോലി ചെയ്യുന്ന അന്നാ മേനോനാണ് ഭാര്യ. ഇവരും ബഹിരാകാശ സഞ്ചാരിയാണ്. പൊളാരിസ് ദൗത്യ സംഘത്തിലെ അംഗമായിരുന്നു അന്ന. സ്പേസ് എക്സില്‍ ലീഡ് സ്പേസ് ഓപ്പറേഷന്‍സ് എന്‍ജിനീയറായ അന്ന കിസ്സസ് ഫ്രം സ്പേസ് എന്ന് പേരില്‍ ബഹിരാകാശത്തെക്കുറിച്ച് കുട്ടികളുടെ പുസ്തകവും എഴുതിയിട്ടുണ്ട്. ജെയിംസ്, ഗ്രേസ് എന്നിവരാണ് മക്കള്‍. അനിലിന്‍റെ അച്ഛന്‍ ശങ്കര മേനോന്‍ ഒറ്റപ്പാലം സ്വദേശിയാണ്. ഇന്ത്യയിലും കേരളത്തിലും അനില്‍ പലവട്ടം സന്ദര്‍ശനം നടത്തിയിട്ടുണ്ട്.