പ്ലസ്ടുവിനു ശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പെന്റോടെ സൗജന്യ നഴ്‌സിംഗ് പഠനത്തിനും തുടര്‍ന്ന് ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിലേക്ക് 16 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തു. യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് - കാള്‍തീം എംപ്ലോയറാണ് ഇവരെ തിരഞ്ഞെടുത്തത്. വിദ്യാര്‍ത്ഥികളെല്ലാം മികച്ച നിലവാരം പുലര്‍ത്തിയെന്ന് ജര്‍മ്മനിയില്‍ നിന്നെത്തിയ സംഘം പറഞ്ഞു.
യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് - കാള്‍തീം രാജ്യാന്തര ട്രെയിനിംങ് ആന്റ് ഇന്റഗ്രേഷൻ പ്രോഗ്രാം ടീം ലീഡർ കാട്രിൻ പിഷോണിന്റെ നേതൃത്വത്തിലുളള ജര്‍മ്മന്‍ പ്രതിനിധിസംഘം നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശേരിയുമായി കൂടിക്കാഴ്ച നടത്തുന്നു
യൂണിവേഴ്സിറ്റി ഇന്‍റര്‍നാഷണല്‍ ട്രെയിനിംങ് ആന്റ് ഇന്റഗ്രേഷൻ പ്രോഗ്രാം ടീം ലീഡർ കാട്രിൻ പിഷോൺ, ഇന്റഗ്രേഷൻ ഓഫിസർ-നഴ്സിംഗ് അങ്കെ വെൻസ്കെ, ജര്‍മ്മന്‍ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുടെ പ്രതിനിധി മാർക്കസ് മത്തേസൻ എന്നിവര്‍ തിരുവനന്തപുരത്ത് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കൊളശേരിയുമായി ചര്‍ച്ച നടത്തി.
ജര്‍മ്മനിക്ക് ആവശ്യമുള്ള മികച്ച നഴ്‌സുമാരെ നല്‍കാന്‍ കേരളം പൂര്‍ണ സജ്ജമാണെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ പറഞ്ഞു. ജര്‍മ്മനിയില്‍ വലിയ തൊഴിലവസരങ്ങളാണ് മലയാളി നഴ്സുമാരെ കാത്തിരിക്കുന്നതെന്ന് കാട്രിൻ പിഷോൺ പറഞ്ഞു. തിരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാരുടെ കുടുംബാംഗങ്ങള്‍ക്കും ജര്‍മ്മന്‍ ഭാഷാ പരിശീലനം നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് അവര്‍ നിര്‍ദേശിച്ചു. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്.