റിയാദിലേക്ക് ഹൂതി വിമതർ നടത്തിയ മിസൈല്‍ ആക്രമണം തകര്‍ത്തെന്ന് സൗദി. റിയാദിലേക്ക് തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകര്‍ത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. വ്യാഴാഴ്ച റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ആക്രമിക്കപ്പെട്ടതിന് പിന്നാലെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ സൗദി തലസ്ഥാനത്തിന് നേരെ ഉണ്ടാകുന്ന രണ്ടാമത്തെ ഹൂതി ആക്രമണമാണിത്.
നേരത്തെ യെമനിലെ ഹുദെയ്ദ തുറമുഖത്ത് സൗദി സഖ്യസേന അതിശക്തമായ വ്യോമാക്രമണം നടത്തി. ഹൂതികൾ ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താൻ ഉപയോഗിക്കുന്ന താവളങ്ങൾ തകർക്കുകയായിരുന്നു ലക്ഷ്യം. ഹൂതികളുടെ ആയുധശേഖരങ്ങൾ പൂർണ്ണമായി നശിപ്പിക്കും വരെ സനാ, സാദ, തായിസ് എന്നിവിടങ്ങളിൽ വ്യോമാക്രമണം തുടരുമെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി. സൗദിയുടെ വ്യോമപാത സുരക്ഷിതമല്ലെന്ന് ഹൂതികൾ പ്രഖ്യാപിച്ചതോടെ, ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി.
സൗദിയുടെ തുറമുഖങ്ങളും വൈദ്യുതിനിലയങ്ങളും ആക്രമിക്കുമെന്നു ഹുതികൾ ഭീഷണി മുഴക്കി. യെമനിലെ സാദ, മോഖ വൈദ്യുതിപ്ലാന്റുകൾ ആക്രമിച്ചതിനു സൗദിക്കു തിരിച്ചടി നൽകുമെന്നാണ് പ്രഖ്യാപനം. വരും മണിക്കൂറുകളിൽ അതിരൂക്ഷ വ്യോമാക്രമണം നടത്തുമെന്നു ഹൂതി വക്താവ് യഹ്യ സരീ പറഞ്ഞു. ഇന്ത്യൻ വിമാനക്കമ്പനികൾ സൗദി സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. എയർ ഇന്ത്യയുടെ എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമാം സർവീസുകൾ 30 വരെയും ജിദ്ദ സർവീസുകൾ 24 വരെയും റദ്ദാക്കി. ഇൻഡിഗോയുടെ എല്ലാ സർവീസുകളും 30 വരെ റദ്ദാക്കിയിട്ടുണ്ട്.
ആക്രമണത്തിൽനിന്നു മക്കയെയും മദീനയെയും ഒഴിവാക്കിയിട്ടുണ്ട്. സൗദിയിലെ വൈദ്യുതി ഉൽപാദന കേന്ദ്രമായ ഷുഖൈഖ് പവർ പ്ലാന്റും ജിദ്ദ ഉൾപ്പടെയുള്ള തുറമുഖങ്ങളും ആക്രമണ ഭീഷണിയിലാണ്.
യെമനിലെ സാദ, മോഖ വൈദ്യുതി പ്ലാന്റുകളിൽ സൗദി നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായി ഷുഖൈഖ് വൈദ്യുതി പ്ലാന്റ് തകർക്കുമെന്നാണ് മുന്നറിയിപ്പ്. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്ററിൽനിന്ന് ജനങ്ങളും ജീവനക്കാരും ഒഴിഞ്ഞുപോകാൻ ഹൂതികൾ ആവശ്യപ്പെട്ടു. അരാംകോയുടെ പ്രധാന ശുചീകരണശാല പ്രവർത്തിക്കുന്ന ജിസാ നിൽ ആക്രമണം ഉണ്ടായേക്കുമെന്നും ജാഗ്രതപാലിക്കണമെന്നും സൗദി അധികൃതർ ജനങ്ങൾക്കു നിർദേശം നൽകി. മിസൈൽ ആക്രമണ മുന്നറിയിപ്പ് സന്ദേശം ഫോണുകളിൽ ലഭിച്ചു.