ജീവനക്കാർക്ക് മികച്ച താമസസൗകര്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിലെ മികവിന് ലുലു ഗ്രൂപ്പിന് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ്. ലുലു ഗ്രൂപ്പിന്റെ താമസകേന്ദ്രമായ ലുലു സ്റ്റാഫ് സിറ്റിയുടെ മികച്ച പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. നാലാമത് എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിലാണ് ലുലു ഗ്രൂപ്പ് ഈ നേട്ടം കൈവരിച്ചത്. അബുദാബിയിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു.
ലുലു ഗ്രൂപ്പ് പ്രോജക്ട്സ് ഡയറക്ടർ ടി.പി. അബൂബക്കർ ഗ്രൂപ്പിനുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. താമസകേന്ദ്രങ്ങളിലെ മികച്ച ശുചിത്വവും പരിസരപരിപാലനവും വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ പരിശോധനാ സംഘം താമസകേന്ദ്രത്തിലെ സൗകര്യങ്ങൾ വിശദമായി പരിശോധിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷത്തെ ക്ഷേമപ്രവർത്തനങ്ങളും പരിശോധനാ സംഘം പ്രത്യേകമായി വിലയിരുത്തി.
ജോലിക്കുശേഷം ജീവനക്കാർക്ക് വിശ്രമിക്കാനും സൗഹൃദം വളർത്താനുമുള്ള സൗകര്യങ്ങൾ സമിതിയുടെ പ്രശംസ നേടി. യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലായിരുന്നു പുരസ്കാരച്ചടങ്ങ്. മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമായി 33,000-ത്തിലധികം എൻട്രികളാണ് ഇത്തവണ പുരസ്കാരത്തിനായി ലഭിച്ചത്.