എൻഎംസി ഹെൽത്ത്കെയർ തട്ടിപ്പ് കേസിൽ സ്ഥാപകൻ ബി.ആർ. ഷെട്ടിക്കും മുൻ സിഇഒ പ്രശാന്ത് മങ്ങാട്ടിനുമെതിരെ അബുദാബി കോടതിയുടെ നിർണായക വിധി. 540 കോടി ഡോളറോളം വരുന്ന വൻ സാമ്പത്തിക തട്ടിപ്പിലും വഞ്ചനാപരമായ ഇടപാടുകളിലും ഇരുവരും പങ്കാളികളാണെന്ന് അബുദാബി ഗ്ലോബൽ മാർക്കറ്റ് കോടതി കണ്ടെത്തി. തുക കമ്പനിയുടെ ആസ്തിയിലേക്ക് തിരികെ നൽകാൻ ഇരുവരും ബാധ്യസ്ഥരാണെന്നും ഓരോരുത്തരുടെയും വ്യക്തിഗത ബാധ്യത പിന്നീട് നിശ്ചയിക്കുമെന്നും കോടതി വ്യക്തമാക്കി.
യുഎഇ കണ്ട ഏറ്റവും വലിയ കോർപ്പറേറ്റ് തട്ടിപ്പുകളിലൊന്നായ എൻഎംസി ഹെൽത്ത്കെയർ കേസിൽ സ്ഥാപകൻ ബി.ആർ. ഷെട്ടിക്കും മുൻ സിഇഒ പ്രശാന്ത് മങ്ങാട്ടിനും തിരിച്ചടി. വ്യാജ ഇടപാടുകളിലൂടെയും രേഖകളിൽ കൃത്രിമം കാണിച്ചും ഇരുവരും ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം നടത്തിയെന്ന് കോടതി കണ്ടെത്തി. കമ്പനിയുടെ ആസ്തിയിലേക്ക് തിരികെ നൽകേണ്ട തുക കണക്കാക്കാൻ 539.7 കോടി ഡോളറാണ് കോടതി അടിസ്ഥാനമായി നിശ്ചയിച്ചിരിക്കുന്നത്.എൻഎംസിയുടെ അക്കൗണ്ടുകളിൽ നിന്ന് ബി.ആർ. ഷെട്ടിയുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് 418.3 കോടി ദിർഹം മാറ്റിയതായി കോടതി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിൽ തിരിച്ചുനൽകിയ തുക കിഴിച്ച് ബാക്കി 260 കോടി ദിർഹം ഉപയോഗിച്ച് സ്വകാര്യ വിമാനം, ട്രാവലെക്സ്, ദുബായ് ഹിൽസിലെ വസ്തുവകകൾ, യുഎസിലെ എണ്ണ നിക്ഷേപം എന്നിവ സ്വന്തമാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.കടങ്ങൾ മറച്ചുവെക്കാൻ രണ്ട് സെറ്റ് അക്കൗണ്ട് പുസ്തകങ്ങൾ സൂക്ഷിച്ചായിരുന്നു തട്ടിപ്പ്.
2018 അവസാനത്തോടെ പുറത്തറിയിക്കാത്ത കടം 388.8 കോടി ഡോളറിലെത്തിയിരുന്നു. സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്ന മുൻ സിഇഒ പ്രശാന്ത് മങ്ങാട്ട്, ബാങ്ക് വായ്പകൾ ഓഡിറ്റർമാരിൽ നിന്ന് മറച്ചുവെക്കാനും പണം വകമാറ്റാനും കൂട്ടുനിന്നതായും കോടതി വ്യക്തമാക്കി. അബുദാബി കൊമേഴ്സ്യൽ ബാങ്കിന്റെ പ്രത്യേക കേസിൽ മങ്ങാട്ടിനെതിരെ 118.9 കോടി ഡോളറിന്റെ ബാധ്യതയും കോടതി അംഗീകരിച്ചു.2012-ൽ ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട എൻഎംസിയുടെ വൻ സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നതോടെ 2020-ലാണ് കമ്പനി അഡ്മിനിസ്ട്രേറ്റർമാരുടെ നിയന്ത്രണത്തിലാകുന്നത്. പലിശയും കോടതിച്ചെലവുകളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തുടർവാദം കേട്ട ശേഷമായിരിക്കും വ്യക്തിഗത ബാധ്യത സംബന്ധിച്ച അന്തിമ ഉത്തരവ് കോടതി പുറപ്പെടുവിക്കുക.