AI Generated Image
വിവാഹേതര ബന്ധത്തിലൂടെ കുഞ്ഞിന് ജന്മം നല്കിയ യുവതിക്ക് സൗദിയില്‍ ചൂരലിനടി. 100 അടിയാണ് കെനിയക്കാരിയായ യുവതിക്ക് ഏറ്റത്. കെനിയക്കാരിയായ എസ്തര് വാഞ്ച മുത്തനി എന്ന വീട്ടുജോലിക്കാരിയാണ് ശിക്ഷാനടപടി നേരിട്ടത്. ശരിഅത്ത് നിയമപ്രകാരം വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പരസ്യമായി ചൂരലോ വടിയോ ഉപയോഗിച്ചുള്ള അടിയാണ് സൗദിയിലെ ശിക്ഷ. മെഡിക്കല്‍ ഓഫിസറുടെ നിരീക്ഷണത്തിലാണ് ശിക്ഷ നടപ്പാക്കുന്നത്.
സൗദിയിലെ വീട്ടില്‍ കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയാണ് യുവതി ചെയ്തുവന്നത്. ഇതിനിടയില്‍ ഈജിപ്തുകാരനായ യുവാവുമായി പ്രണയത്തിലാവുകയും ഗര്‍ഭിണിയാകുകയും ചെയ്തു. കാമുകന് നിലവില്‍ സൗദിയില്‍ ഇല്ല. പ്രസവ സമയത്ത് യുവതി ആശുപത്രിയില്‍ എത്തിയതോടെ വിവരം റെക്കോര്‍ഡ് ചെയ്യപ്പെടുകയായിരുന്നു.
2025ലാണ് യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയും നിയമനടപടി സ്വീകരിക്കുകയുമായിരുന്നു. വീട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പെട്രോള്‍ സ്റ്റേഷന് സമീപമാണ് യുവതി താമസിച്ചുവന്നത്. മകനുമായി കെനിയയിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്നതിനിടെയാണ് അധികൃതര്‍ ശിക്ഷ നടപ്പാക്കിയത്.
വിവാഹേതര ബന്ധം പുലര്‍ത്തിയതിന് അറസ്റ്റിലാകുമെന്ന് ഭയന്ന് നിരവധി പുരുഷന്മാരാണ് ഇത്തരത്തില്‍ സൗദിയില്‍ ജോലിക്കെത്തിയ സ്ത്രീകളുമായി പ്രണയത്തിലാകുകയും അവരില്‍ കുട്ടികളുണ്ടായ ശേഷം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്യുന്നതെന്ന് 2024 ല്‍ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.