Riyadh City, Reuters,Manorama

Riyadh City, Reuters,Manorama

TOPICS COVERED

ചികിത്സയ്ക്കായി അച്ഛനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ യുകെയിൽ നിന്ന് സൗദിയിലെത്തിയ മകൾക്ക്, ഒടുവിൽ അച്ഛന്റെ ഭൗതികശരീരത്തിനൊപ്പം കണ്ണീരോടെ മടക്കം. ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്ന തൃശൂർ ചെറുവള്ളൂർ സ്വദേശി ഇട്ടേര ദേവസിയാണ് അൽ ഖർജിൽ ചികിത്സയിലിരിക്കെ മരിച്ചത്. അച്ഛനെ പരിചരിക്കാൻ എത്തിയ മകൾ അന്ന ദേവസി മൃതദേഹത്തോടൊപ്പം കൊച്ചിയിലേക്ക് തിരിച്ചു.

കഴിഞ്ഞ 33 വർഷമായി സൗദിയിൽ പ്രവാസജീവിതം നയിച്ചിരുന്ന തൃശൂർ ചെറുവള്ളൂർ സ്വദേശി ഇട്ടേര ദേവസിയെ പക്ഷാഘാതത്തെ തുടർന്നാണ് അൽ ഖർജിലെ ദിലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗബാധിതനായ അച്ഛനെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് യുകെയിൽ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ മകൾ അന്ന ദേവസി ഒക്ടോബർ രണ്ടിന് റിയാദിലെത്തിയത്. എന്നാൽ അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആ മകളുടെ പ്രാർത്ഥനകൾ വിഫലമായി.

ചികിത്സയിലിരിക്കെ ഉണ്ടായ ഹൃദയാഘാതമാണ് ഇട്ടേര ദേവസിയുടെ മരണത്തിന് ഇടയാക്കിയത്. ആശുപത്രിയിൽ നിന്ന് രോഗമുക്തി നേടി നാട്ടിലേക്ക് മടങ്ങുമ്പോൾ അച്ഛന് ധരിക്കാനായി മകൾ കരുതിവെച്ചിരുന്ന പുത്തൻ വസ്ത്രങ്ങൾ, ഒടുവിൽ അദ്ദേഹത്തിന്റെ അവസാന യാത്രയ്ക്കായി അണിയിക്കേണ്ടി വന്ന കാഴ്ച കണ്ടുനിന്നവരുടെ കണ്ണുനിറച്ചു. നിയമനടപടികൾ പൂർത്തിയാക്കി ദമാം വഴി കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോയത്.

ENGLISH SUMMARY:

A UK-based nursing student, Anna Devassy, who traveled to Saudi Arabia to take her ailing father home to Kerala for better treatment, has tragically returned home with his mortal remains. Her father, Ittera Devassy, a native of Cheruvallur in Thrissur who was an NRI in Saudi Arabia for 33 years, suffered a stroke and was undergoing treatment at a hospital in Al Kharj. Anna had arrived in Riyadh on October 2 with the sole intention of bringing him back alive, but he passed away following a fatal cardiac arrest. In a heartbreaking moment for onlookers, the brand-new clothes Anna had brought for her father to wear during his flight back home were used to dress his body for his final journey.