Oil washes up along a beach in Umm Al Quwain, United Arab Emirates, Saturday, Oct. 24, 2026. (UGC via AP)
യുഎഇ തീരത്തിന് സമീപമുണ്ടായ ക്രൂഡോയിൽ ചോർച്ച വടക്കൻ എമിറേറ്റുകളിൽ ആശങ്ക പടർത്തുന്നു. റാസൽഖൈമയിലെ അൽ ജസീറ തീരത്തുനിന്ന് 13 നോട്ടിക്കൽ മൈൽ അകലെ കഴിഞ്ഞ മാസം ആക്രമണത്തിനിരയായ 'ജെം നമ്പർ 2' എന്ന എണ്ണക്കപ്പലിൽ നിന്നാണ് ക്രൂഡോയില്‍ ചോർന്നത്. എണ്ണപ്പാട തീരത്തോടടുത്തതോടെ ഷാര്‍ജയിലും ബീച്ചുകള്‍ അടച്ചു. റൈസല്ഖൈമയിലെയും ഉമ്മുൽ ഖുഐനിലെയും മുഴുവന്‍ ബീച്ചുകളും നേരത്തേ അടച്ചിരുന്നു. മല്‍സ്യബന്ധനത്തിനും നിയന്ത്രണമുണ്ട്.
FILE PHOTO: A view of an oil spill from a damaged tanker vessel off the coast of the United Arab Emirates, in Ras al Khaima, United Arab Emirates, October 27, 2026,
വടക്കൻ എമിറേറ്റുകളില്‍ താമസിക്കുന്ന ഒട്ടേറെപ്പേര്‍ തീരത്തും അന്തരീക്ഷത്തിലും രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അധികൃതർ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയത്. എന്നാല്‍ ബീച്ചുകള്‍ അടച്ചത് ആശയക്കുഴപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്.
എണ്ണച്ചോര്‍ച്ച ഏറ്റവും വലിയ ആശങ്കയുണ്ടാക്കുന്നത് കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളുടെ കാര്യത്തിലാണ്. തീരപ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഡീസാലിനേഷന്‍ പ്ലാന്റുകള്‍ യുഎഇയുടെ ജീവനാഡിയാണ്. രാജ്യത്ത് ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ 80 ശതമാനവും ഈ പ്ലാന്റുകളില്‍ നിന്നാണ് ലഭിക്കുന്നത്. അവയുടെ പ്രവര്‍ത്തനം തടസപ്പെടുകയോ അടച്ചിടേണ്ടിവരികയോ ചെയ്താല്‍ എല്ലാ എമിറേറ്റുകളെയും ബാധിക്കും.
Satellite imagery shows a widened oil spill from a damaged tanker vessel near UAE shores, off the coast of United Arab Emirates October 24, 2026. European Union/Copernicus Sentinel-2/Handout via REUTERS
നിലവില്‍ എല്ലാ ഡീസാലിനേഷന്‍ പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഉമ്മുൽ ഖുവൈൻ - റാസൽഖൈമ അതിർത്തിയിലുള്ള നഖാ ഡീസാലിനേഷൻ പ്ലാന്റിലെ സമുദ്രജല സംഭരണ കേന്ദ്രത്തിന് രണ്ട് കിലോമീറ്റർ അകലെ വരെ എണ്ണപ്പാട എത്തിയതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു. എണ്ണച്ചോർച്ചയുടെ വ്യാപ്തിയെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഡീസാലിനേഷൻ പ്ലാന്റുകളിലെ പ്രത്യാഘാതങ്ങൾ കൃത്യമായി വിലയിരുത്താന്‍ കഴിയൂ എന്നാണ് ഗവേഷകരുടെ നിലപാട്.
Smoke rises from oil tanker Gem No.2, October 9, 2026, in this screengrab taken from a social media video. SOCIAL MEDIA/via REUTERS
ഡീസാലിനേഷന്‍ പ്ലാന്റുകളില്‍ എണ്ണ കയറിയാല്‍?
സീവാട്ടർ ഇൻടേക്ക് തടസ്സപ്പെടും: ശുദ്ധീകരണത്തിനായി സമുദ്രജലം പ്ലാന്റിലേക്ക് പമ്പ് ചെയ്യുന്ന പ്രധാന പ്രവേശനദ്വാരങ്ങളിലൂടെ എണ്ണ കടന്നുകൂടിയാൽ ശുദ്ധീകരണ പ്രക്രിയ പൂർണമായും തകരാറിലാകും.
ഫിൽട്ടറുകൾ നശിക്കും: റിവേഴ്സ് ഓസ്മോസിസ് (ആര്‍ഒ) സാങ്കേതികവിദ്യയിലെ ഫിൽട്ടറുകളിലും മെംബ്രേനുകളിലും ക്രൂഡ് ഓയിൽ അടിഞ്ഞുകൂടിയാൽ അവ മാറ്റാതെ പ്ലാന്റുകൾ വീണ്ടും പ്രവർത്തിപ്പിക്കാനാവില്ല.
താൽക്കാലിക അടച്ചുപൂട്ടൽ: കടലിൽ നേരിയ തോതിൽ എണ്ണ കലർന്നാൽപ്പോലും ഉപകരണങ്ങൾ സംരക്ഷിക്കാനും കുടിവെള്ളത്തിന്റെ പരിശുദ്ധി നിലനിർത്താനും പ്ലാന്റുകൾ അടിയന്തരമായി ഓഫ് ചെയ്യേണ്ടിവരും.
പ്ലാന്റുകൾ സുരക്ഷിതമാക്കാൻ മുൻകരുതലുകൾ
എണ്ണപ്പാട ഡീസാലിനേഷന്‍ പ്ലാന്റുകളിലേക്ക് എത്തുന്നത് തടയാൻ ബൂമുകൾ, സ്കിമ്മറുകൾ തുടങ്ങിയ ബാരിയറുകൾ സ്ഥാപിക്കുകയാണ് പ്രധാന പ്രതിരോധ മാർഗ്ഗം. വെള്ളത്തിന്റെ സാംപിളുകൾ തുടർച്ചയായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം.
മലിനമായ കടൽവെള്ളം പ്ലാന്റിനുള്ളിൽ കടന്നിട്ടുണ്ടോ, ഇത് ഉപകരണങ്ങളിൽ കട്ടപിടിച്ചോ മറ്റു തകരാറുകളോ ഉണ്ടാക്കിയിട്ടുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും സാധാരണയായി പൂർവ്വസ്ഥിതിയിലാകാനുള്ള സമയം. പ്ലാന്റിന്റെ രൂപകൽപ്പനയും എണ്ണയുടെ തരവും അളവും ഇതിൽ പ്രധാന ഘടകങ്ങളാണെന്നും ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബിയിലെ വാട്ടർ റിസർച്ച് സെന്റർ ഡയറക്ടർ നിദാൽ ഹിലാൽ പറഞ്ഞു.
1991-ലെ ഗൾഫ് യുദ്ധകാലത്തുണ്ടായ വൻ എണ്ണച്ചോർച്ച സൗദി അറേബ്യയിലെയും കുവൈത്തിലെയും ഡീസാലിനേഷൻ പ്ലാന്റുകൾ അടച്ചുപൂട്ടാൻ ഇടയാക്കിയിരുന്നു. എന്നാൽ അത്രയും ഭീമമായ തോതിലല്ല ഇപ്പോഴത്തെ ചോർച്ച എന്നത് ആശ്വാസമാണ്. നിലവിൽ തീരങ്ങളിൽ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
പരിസ്ഥിതിക്കും വില്ലൻ
കടൽ വെള്ളത്തിൽ കലരുന്ന ക്രൂഡ് ഓയിൽ സമുദ്ര ആവാസവ്യവസ്ഥയ്ക്ക് വലിയ നാശമുണ്ടാക്കും. കടൽ പക്ഷികളുടെ ചിറകുകളിൽ എണ്ണ പറ്റിപ്പിടിച്ചാല്‍ അവയ്ക്ക് പറന്നുയരാനാവില്ല. തിമിംഗലങ്ങൾ, ഡോൾഫിനുകൾ, കടലാമകൾ എന്നിവ എണ്ണ കലർന്ന ശ്വാസമെടുക്കുകയോ തീറ്റയായി തെറ്റിദ്ധരിച്ച് വിഴുങ്ങുകയോ ചെയ്യുന്നത് അവയുടെ മരണത്തിന് പോലും ഇടയാക്കും. മത്സ്യങ്ങളുടെ ആന്തരികാവയവങ്ങൾക്കും പ്രജനനത്തിനും ഇത് വലിയ തോതില്‍ ദോഷം ചെയ്യും.
അതേസമയം, യുഎഇ സ്ഥിതിചെയ്യുന്ന ഉൾക്കടലിലെ ഉയർന്ന താപനില കാരണം ക്രൂഡ് ഓയിൽ സ്വാഭാവികമായി വിഘടിക്കാൻ ആഴ്ചകൾ മതിയെന്ന് സൗത്താംപ്ടൺ സർവകലാശാലയിലെ വിദഗ്ധൻ സൈമൺ ബോക്സാൽ ചൂണ്ടിക്കാട്ടുന്നു. എങ്കിലും, എണ്ണപ്പാടയുടെ കനവും തീരത്തടിയുന്ന അളവും വർധിച്ചാൽ ആഘാതം മാസങ്ങളോളം നീണ്ടുനിൽക്കാം.