ലോകത്തെ ഞെട്ടിച്ച ഫ്ലൈദുബായ് വിമാനത്തിന് നേരെയുണ്ടായ അട്ടിമറി ശ്രമത്തില് രണ്ട് മാലദ്വീപ് പൈലറ്റുമാരെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 3-നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്ട്ടുകള്. യുഎഇയിലെ മാലദ്വീപ് എംബസി ഇക്കാര്യം ഔദ്യോഗികമായി ഇരുവരുടെയും കുടുംബങ്ങളെ അറിയിച്ചതായി മാലദ്വീപ് വാർത്താ പോർട്ടൽ റിപ്പോർട്ട് ചെയ്തു. എന്നാൽ പൈലറ്റുമാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് മാലദ്വീപ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം, നിലവിൽ ഫ്ലൈദുബായിലുള്ള ആറ് മാലദ്വീപ് പൈലറ്റുമാരിൽ ഏറ്റവും പുതിയ റിക്രൂട്ട്മെന്റാണ് അറസ്റ്റിലായവര്. സെപ്റ്റംബർ 30 നുണ്ടായ അട്ടിമറി ശ്രമത്തില് പ്രതിയായ ഒമാനി സഹപൈലറ്റ് ഹമാം അൽ-ഹമാമിയോടൊപ്പം ഇവർ ജോലി ചെയ്തിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇവർ ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്നും റിപ്പോര്ട്ടുണ്ട്.
നേരത്തേ വിമാനത്തിലുണ്ടായിരുന്ന അസാഫ് എന്ന യാത്രക്കാരന് പറഞ്ഞ കാര്യങ്ങള് കൂടുതല് പേര്ക്ക് ആക്രമണത്തിന് പങ്കുണ്ടായിരിക്കാം എന്ന തരത്തിലുള്ള സംശയങ്ങളിലേക്ക് വിരല്ചൂണ്ടിയിരുന്നു. ആക്രമണത്തിന് ശേഷം യാത്രക്കാര് കീഴ്പ്പെടുത്തിയ ഒമാനി പൈലറ്റിനെ മോചിപ്പിക്കാന് ക്രൂ അംഗങ്ങൾ ശ്രമിച്ചുവെന്നും വിഡിയോ പകര്ത്തുന്നതില് നിന്നും യാത്രക്കാരെ തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റന് എന്തോ ഗുളിക നല്കാന് ശ്രമിച്ചതായും അദ്ദേഹം പറയുകയുണ്ടായി. പുരുഷ ഫ്ലൈറ്റ് അറ്റൻഡന്റുമാർ മാത്രമുള്ള തരത്തിലായിരുന്നു ക്രൂവെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള് പ്രതിയെ സഹായിക്കാൻ തയ്യാറായി ജീവനക്കാർ ഉള്ളിൽ ഉണ്ടായിരുന്നിരിക്കാമെന്ന സൂചനയിലേക്ക് നയിച്ചിരുന്നു. അതേസമയം, ഈ അവകാശവാദങ്ങൾ അധികാരികൾ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ സെപ്റ്റംബർ അവസാനം ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് 174 യാത്രക്കാരും ജീവനക്കാരുമായി യാത്ര തിരിച്ച ഫ്ലൈദുബായ് വിമാനത്തിലാണ് അട്ടിമറി ശ്രമം ഉണ്ടായത്. വിമാനം പറക്കുന്നതിനിടയിൽ ഒമാൻ പൗരനായ കോ-പൈലറ്റ് ഹമാം അൽ-ഹമാമി, ഇന്ത്യന് പൗരനായ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ കോക്ക്പിറ്റിൽ വെച്ച് ക്രാഷ് ആക്സ് ഉപയോഗിച്ച് വധിക്കാന് ശ്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റെങ്കിലും, സ്മിത് മച്ഛാറും മറ്റ് ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാർ ചേർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലേക്ക് വിമാനം ഇടിച്ചിറക്കി വൻ ദുരന്തം ഉണ്ടാക്കാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് സംഭവത്തില് യുഎഇ അറ്റോർണി ജനറൽ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന്റെ ഭീകരവാദ ബന്ധങ്ങളെ കുറിച്ച് യുഎഇ പ്രോസിക്യൂഷനും അന്വേഷണ ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടയിലാണ് കേസിൽ മറ്റ് പൈലറ്റുമാർക്കും പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് പുതിയ അറസ്റ്റുകൾ നടന്നിരിക്കുന്നത്. ഭീകരവാദ വിരുദ്ധ നിയമങ്ങളുടെയും ആന്റി-ഹൈജാക്കിങ് ആക്ടിന്റെയും പരിധിയിൽ ഉൾപ്പെടുത്തി ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എയും സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്.