ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

  • ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ ജീവനക്കാരെ കാണാതായി. കപ്പലിലുണ്ടായിരുന്ന ഒൻപത് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി.

ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ ജീവനക്കാരെ കാണാതായി. കപ്പലിലുണ്ടായിരുന്ന ഒൻപത് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. നിക്കരാഗ്വെ പതാകയേന്തിയ എം.ടി. പെട്രോ ഡോൾഫിൻ എന്ന ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. കാണാതായവർക്കായി ഒമാൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തിരച്ചിൽ  തുടരുകയാണെന്ന് കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. Also Read: നിയമന വിവാദം; ബിആർഎം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ ജോലി രാജിവച്ചു

ഞായറാഴ്ച ഹോർമുസ് കടലിടുക്ക് മേഖലയിലും ഒമാൻ തീരത്തുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഇന്ത്യൻ നാവികരുമായി സഞ്ചരിച്ചിരുന്ന രണ്ട് വാണിജ്യ ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്. രണ്ട് കപ്പലുകളിലുമായി 22 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 20 പേർ സുരക്ഷിതരാണെന്നും രണ്ട് പേരെ കാണാതായതായും അധികൃതർ അറിയിച്ചു.

11 ഇന്ത്യൻ നാവികരുമായി ഒമാനിലെ സോഹാർ മേഖലയിൽ ഉണ്ടായിരുന്ന എം.ടി. പെട്രോ ഡോൾഫിന് നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ഒൻപത് ജീവനക്കാരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ഇന്ത്യൻ എംബസി ഒമാൻ അധികൃതരുമായി നിരന്തര സമ്പർക്കം പുലർത്തിവരികയാണെന്നും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മസ്‌കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, മാർഷൽ ദ്വീപുകളുടെ പതാകയേന്തിയ എം.ടി. വാൽതേര എന്ന ടാങ്കറിന് നേരെ ഹോർമുസ് കടലിടുക്കിലാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് കപ്പലിൽ തീപിടിത്തമുണ്ടായി. 11 ഇന്ത്യൻ നാവികരുണ്ടായിരുന്ന കപ്പലിലെ എല്ലാവരും സുരക്ഷിതരാണെന്ന് മന്ത്രി സർബാനന്ദ സോനോവാൾ എക്‌സിലൂടെ അറിയിച്ചു.

വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഹോർമുസ് കടലിടുക്ക് മേഖലയിലെ ഇത്തരം സംഭവങ്ങൾ ആശങ്കാജനകമാണെന്നും മേഖലയിലെ നിലവിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കാൻ ഇത് ഇടയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കാണാതായ ഇന്ത്യൻ നാവികരെ കണ്ടെത്തുന്നതിനും കപ്പലുകളിലെ ജീവനക്കാർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനുമായി ഇന്ത്യൻ എംബസി ഒമാൻ അധികൃതരുമായും ബന്ധപ്പെട്ട കപ്പൽ മാനേജ്‌മെന്റ് കമ്പനികളുമായും ഏകോപനം നടത്തി വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ENGLISH SUMMARY:

Two Indian crew members are missing following a drone attack on a commercial tanker off the coast of Oman. Nine Indian nationals aboard the vessel were rescued. The attack targeted MT Petro Dolphin, a tanker sailing under the Nicaraguan flag. Union Ports, Shipping and Waterways Minister Sarbananda Sonowal said search operations were being intensified under the leadership of the Oman Coast Guard.