റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം 17 വരെ അടച്ചിടുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ഹൂതി ആക്രമണങ്ങളെ തുടര്‍ന്നാണ് തീരുമാനം. ആക്രമണത്തില്‍ നാശനഷ്ടം ഉണ്ടായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവ പൂര്‍ണ്ണമായി ഉറപ്പുവരുത്തുന്ന നടപടി തുടരുകയാണ്. വിമാനത്താവളത്തിലെ നിലവിലെ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉന്നത ഏജന്‍സികളുമായി സഹകരിച്ച് പരിശോധിച്ചുവരികയാണ്. പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയ ശേഷം മാത്രമേ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ, കേരള-റിയാദ് സെക്ടറിലെ നാല് വിമാനത്താവളങ്ങളിലേക്ക് ദിവസവും 7 വിമാന സര്‍വ്വീസുകളാണ് മുടങ്ങുന്നത്.

 

Also read: കോടികളുടെ വ്യോമപ്രതിരോധം മറികടന്ന് മിസൈൽ ആക്രമണം; സൗദിയെ വിറപ്പിച്ച് ഹൂതികൾ


കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തിൽ ഇന്ത്യക്കാരൻ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. പാസഞ്ചർ ടെർമിനലിൽ മിസൈൽ പതിച്ച് 10 ഇന്ത്യക്കാർ ഉൾപ്പെടെ 308 പേർക്കു പരുക്കേറ്റു. ​ഹൈദരാബാദ് സ്വദേശി അലി മുഹമ്മദ് അലിയാണ് കൊല്ലപ്പെട്ടതെന്നു റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും പരുക്കേറ്റു. ഇന്ത്യൻ എംബസി ഹെൽപ്‌ലൈൻ നമ്പർ: 800241234.

 

​​ദമാം വിമാനത്താവളത്തിലും സൗദി എണ്ണക്കമ്പനിയായ അരാംകോ കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായി, ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ അറിയിച്ചു. ഒരുദശകത്തിനിടെ സൗദിക്കുനേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണു ശനിയാഴ്ച നടന്നത്.

 

ഈയാഴ്ച നാലുവട്ടമാണ് റിയാദ് വിമാനത്താവളത്തിൽ ഹൂതികൾ ബോംബിട്ടത്. ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനു പുറമേ, 4 സൗദികളും 2 ബംഗ്ലദേശുകാരും യുഎസ്, ജോർദാൻ, പലസ്തീൻ, സിറിയ, സുഡാൻ, ഈജിപ്ത് രാജ്യങ്ങളിലെ ഓരോരുത്തരും ഉൾപ്പെടുന്നു. റിയാദ്, അബ്ഹ വിമാനത്താവളങ്ങളിലായി ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 19 പേർ. റിയാദ് വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇന്ത്യയിൽനിന്നടക്കം വിമാന സർവീസുകളെല്ലാം റദ്ദാക്കി.

 

അതിനിടെ, ഹൂതികൾക്കെതിരെ സൗദിയുടെ സൈനികനടപടിയിൽ പങ്കുചേരുന്നതു യുഎസ് പരിഗണിക്കുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. സഖ്യകക്ഷിയായ യുഎസിനോട് സൗദി പലവട്ടം സഹായം ആവശ്യപ്പെട്ടെങ്കിലും ഹൂതികളുമായി നേരിട്ടു യുദ്ധത്തിനില്ലെന്ന നിലപാടാണു ട്രംപ് ഭരണകൂടം നേരത്തേ സ്വീകരിച്ചത്.

 

ആക്രമണം തുടരുമെന്നു വ്യക്തമാക്കിയ ഹൂതികൾ സൗദി വിമാനത്താവളങ്ങൾ ഒഴിവാക്കാൻ യാത്രക്കാർക്കു മുന്നറിയിപ്പു നൽകി. മക്ക,മദീന ഒഴികെ സൗദിയുടെ വ്യോമമേഖലകൾ ഒഴിവാക്കാൻ വിമാനക്കമ്പനികളോടും നിർദേശിച്ചു. യെമനിലെ ഹൂതി നിയന്ത്രിത മേഖലകളിൽ നൂറുകണക്കിനു ബോംബാക്രമണങ്ങൾ നടത്തിയതായി യെമൻ സർക്കാരും സൗദി അറേബ്യയും അറിയിച്ചു. ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും ചേർന്ന് ഇറാനിൽ ആരംഭിച്ച യുദ്ധത്തിന്റെ പ്രത്യാഘാതമായാണ് 2022 ൽ വെടിനിർത്തിയ ഹൂതികളും സൗദിയും തമ്മിൽ വീണ്ടും സംഘർഷം ആരംഭിച്ചത്.

ENGLISH SUMMARY:

Riyadh Airport closed until the 17th due to intense Houthi attacks that caused significant security concerns and flight disruptions. The temporary closure impacts multiple international flights, including services connecting to Kerala sectors.