റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകൾ ലക്ഷ്യം കണ്ടെന്നും വ്യോമഗതാഗതം തടസ്സപ്പെട്ടെന്നും ഹൂതി വക്താവ് യഹ്യ സാരി അവകാശപ്പെട്ടു. എന്നാൽ റിയാദിന്റെ വടക്കൻ മേഖലയിൽ മിസൈലുകൾ വെടിവച്ചിട്ടതായി സൗദി സഖ്യസേന അറിയിച്ചു. ഇതിനിടെ യെമനിലെ ഏദൻ വിമാനത്താവളത്തിലും സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും പതിച്ചു.
ഹൂതി ആക്രമണങ്ങൾ ശക്തമായതോടെ സൗദി അറേബ്യക്ക് സൈനിക പിന്തുണയുമായി തുർക്കി രംഗത്തെത്തി. മക്ക സൈനിക സഹകരണ കരാറിന്റെ ഭാഗമായി അത്യാധുനിക ആയുധങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും സാങ്കേതികവിദ്യയും തുർക്കി സൗദിക്ക് കൈമാറും. ചെങ്കടലിൽ ഹൂതികൾ ഏർപ്പെടുത്തിയ നാവിക ഉപരോധം തകർക്കാൻ സൗദിക്കൊപ്പം നാറ്റോയിലെ വൻശക്തിയായ തുർക്കി കൂടി അണിചേരുന്നത് മേഖലയിലെ സൈനിക സമവാക്യങ്ങളിൽ വഴിത്തിരിവാകും.
മറുഭാഗത്ത്, ഇറാൻ ആണവ സമ്പുഷ്ടീകരണം ഗണ്യമായി കുറയ്ക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആവശ്യപ്പെട്ടപ്പോൾ, ആണവ പദ്ധതി തങ്ങളുടെ പരമാധികാര അവകാശമാണെന്ന് തെഹ്‌റാൻ തിരിച്ചടിച്ചു. ഹോർമൂസിൽ ഇറാന്റെ പിടി അയഞ്ഞതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞെങ്കിലും ബദൽ കപ്പൽപ്പാതകളും വൈകാതെ അടയ്ക്കുമെന്ന് ഇറാൻ വ്യക്തമാക്കി.അതേസമയം , യുഎസ് ഉപരോധങ്ങൾക്കിടയിലും പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് ഇറാൻ എയർ സർവീസുകൾ പുനരാരംഭിച്ചു.