us-crisis

TOPICS COVERED

യുഎസ്–ഇറാൻ സംഘർഷം ആറ് മാസം പിന്നിടുമ്പോൾ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ദൗത്യവുമായി ഗൾഫ് രാജ്യങ്ങൾ രംഗത്ത്. സാമ്പത്തിക ഉപരോധം ശക്തമാക്കി ഇറാനെ പ്രതിരോധിക്കാൻ അമേരിക്ക ശ്രമം തുടരുമ്പോഴാണ്, പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിവാക്കാനായി നയതന്ത്ര ചർച്ചകളുമായി ഗൾഫ് രാജ്യങ്ങൾ സജീവമായിരിക്കുന്നത്.

ഹോർമൂസ് കടലിടുക്കിൽ ചരക്കുകപ്പലുകൾക്കായി പാത അനുവദിക്കാമെന്നും മൈനുകൾ നീക്കം ചെയ്യാമെന്നും ഒമാനുമായുള്ള ഉഭയകക്ഷി ചർച്ചയിൽ ഇറാൻ വ്യക്തമാക്കിയത് സമാധാന നീക്കങ്ങളിലെ പ്രധാന വഴിത്തിരിവായി. സൈനിക നടപടികളേക്കാൾ ഉപരോധം പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിലയിരുത്തലിൽ, സാമ്പത്തിക ഉപരോധത്തിൽ മറ്റു രാജ്യങ്ങൾ പങ്കാളികളാകരുതെന്ന് ഇറാൻ അഭ്യർഥിച്ചു. യുഎസുമായുള്ള ചർച്ചകൾക്ക് ഖത്തറാണ് പ്രധാനമായും മധ്യസ്ഥത വഹിക്കുന്നത്. ഖത്തർ പ്രധാനമന്ത്രി ടെഹ്‌റാനിലെത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമാണെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമൂസ് യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മാറ്റണമെന്നാണ് പ്രധാന ആവശ്യം. ജൂണിലെ വെടിനിർത്തൽ കരാറിന് നേതൃത്വം നൽകിയ ഖത്തറും പാക്കിസ്ഥാനും ഇത്തവണയും മധ്യസ്ഥ ശ്രമങ്ങളിലുണ്ട്. അതേസമയം, ഹോർമൂസ് തുറക്കുന്നതിനുള്ള നിബന്ധനകൾ ഇറാൻ ഉടൻ പുറത്തുവിട്ടേക്കും. സംഘർഷം അയയുന്നതിന്‍റെ സൂചനയായി ഇന്നലെ കാര്യമായ ആക്രമണങ്ങൾ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, ഹോർമൂസിലെ നാവിക ഉപരോധവും സൈനിക താവളങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും നേരിട്ട് ബാധിക്കുന്ന സാഹചര്യത്തിൽ, യുഎസ്–ഇറാൻ സമാധാന ചർച്ചകളിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

ENGLISH SUMMARY:

US Iran conflict sees Gulf countries initiating a peace mission six months into the ongoing tension. While the US continues to pressure Iran through economic sanctions, Gulf nations are actively engaging in diplomatic talks to avert a war in the Middle East