സൗദി അറേബ്യയുടെ ഭൂരിഭാഗം മേഖലകളിലും കടുത്ത വേനൽച്ചൂട് തുടരുമ്പോൾ, കുളിർമയുടെ വസന്തമൊരുക്കി സഞ്ചാരികളെ വിസ്മയിപ്പിക്കുകയാണ് തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ അസീർ. പലയിടങ്ങളിലും അന്തരീക്ഷ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുമ്പോഴും, അസീറിലെ മലനിരകളിൽ അനുഭവപ്പെടുന്നത് കോരിത്തരിപ്പിക്കുന്ന തണുപ്പാണ്.
അസീർ പ്രവിശ്യയിലെ തലസ്ഥാനമായ അബഹ, സറവാത് മലനിരകൾ, ജബൽ അൽ സൗദ, അൽ നമാസ്, തനോമ, ബിൽഅസ്മർ തുടങ്ങിയ പ്രദേശങ്ങളെല്ലാം ഇപ്പോൾ പൂർണമായും കോടമഞ്ഞിൽ മൂടിയിരിക്കുകയാണ്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ ഉഷ്ണതരംഗം ശക്തമായി തുടരുമ്പോഴും, ഈ മലയോര മേഖലകളിൽ താപനിലയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്.
പർവതനിരകളെ മഞ്ഞു മേഘങ്ങൾ പുതപ്പിച്ചു കടന്നുപോകുന്ന 'മേഘക്കടൽ' എന്ന അപൂർവ പ്രതിഭാസം നേരിൽ കാണാൻ, സ്വദേശികളും പ്രവാസികളും വിദേശ വിനോദസഞ്ചാരികളും അസീറിലേക്ക് ഒഴുകിയെത്തുകയാണ്. സമുദ്രനിരപ്പിൽ നിന്ന് 3,000 മീറ്ററിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന അൽ സൗദ പർവതനിരകളിലെ മഞ്ഞുകാഴ്ചകളാണ് സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രം.
ഗൾഫ് മേഖലയാകെ ചുട്ടുപൊള്ളുമ്പോഴും നേരിയ മഴയും തണുത്ത കുളിർകാറ്റുമാണ് ഇവിടെ അനുഭവപ്പെടുന്നത്. പച്ചപ്പുനിറഞ്ഞ കൃഷിത്തട്ടുകളും താഴ്‌വരകളും ഇടതൂർന്ന വനാന്തരങ്ങളും ചേർന്നൊരുക്കുന്ന പ്രകൃതിഭംഗി സഞ്ചാരികൾക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
സൗദി സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായി സൗദി ടൂറിസം മന്ത്രാലയവും അസീർ ഡെവലപ്‌മെന്റ് അതോറിറ്റിയും ചേർന്ന്, വിപുലമായ വിനോദ-കലാപരിപാടികളാണ് സഞ്ചാരികൾക്കായി മേഖലയിലുടനീളം ഒരുക്കിയിട്ടുള്ളത്.