മിസൈൽ ഉൽപ്പാദനവും കൃത്യതയും വർധിപ്പിച്ചതിനൊപ്പം പശ്ചിമേഷ്യയിലാകെ രഹസ്യാന്വേഷണ വിന്യാസവും ശക്തമാക്കിയതായി ഇറാൻ അറിയിച്ചു. റവലൂഷനറി ഗാർഡിന് അത്യാധുനിക ആയുധങ്ങളും കൂടുതൽ സ്വതന്ത്ര അധികാരങ്ങളും നൽകിയതിനൊപ്പം, ആവശ്യമെങ്കിൽ ശത്രുരാജ്യങ്ങളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളിലേക്ക് കടന്നാക്രമണം നടത്താനുള്ള രൂപരേഖയും പൂർത്തിയാക്കിയതായി വക്താവ് വെളിപ്പെടുത്തി.
അതിനിടെ, ഹോർമൂസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച കപ്പലിനു നേരെ മിസൈൽ ആക്രമണമുണ്ടായി. എൻജിൻ റൂം തകർന്ന കപ്പലിലെ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും ശേഷിച്ചവരെ ഒമാൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തുകയും ചെയ്തു. സൗദി അരാംകോയുടെ ജസാനിലെ എണ്ണ ശുചീകരണശാലയ്ക്കു നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടെങ്കിലും സൗദി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം എണ്ണക്കയറ്റുമതി വിലക്കടക്കമുള്ള യു.എസ് ഉപരോധങ്ങൾ പൂർണമായി നീക്കാതെ ഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിക്കിടെ വലിയ ടാങ്കറുകളൊഴികെ ആറ് ചെറുകപ്പലുകൾ മാത്രമാണ് കടലിടുക്ക് വഴി കടന്നുപോയത്.മറ്റൊരു സംഭവത്തിൽ, ഇറാഖിലെ കുർദിസ്ഥാൻ പ്രധാനമന്ത്രി മസ്റൂർ ബർസാനിയുടെ ഓഫിസിനും ഇന്റലിജൻസ് മേധാവിയുടെ വസതിക്കും നേരെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ പ്രത്യേക സമിതി രൂപീകരിച്ചതായി ഇറാഖ് പ്രധാനമന്ത്രി അറിയിച്ചു.
സംഭവത്തെ യു.എ.ഇയും ഖത്തറും ശക്തമായി അപലപിച്ചു. അതേസമയം, ഹോർമൂസ് പ്രതിസന്ധി മറികടക്കാൻ കടലിടുക്കിന് വെളിയിൽവെച്ച് കപ്പലിൽ നിന്ന് കപ്പലിലേക്ക് ക്രൂഡ് ഓയിൽ കൈമാറുന്നതിനായി ഏഷ്യൻ റിഫൈനറികളുമായി സൗദി അരാംകോ രഹസ്യ കരാറിലെത്തിയിട്ടുണ്ട്. ഈ കരാർ പ്രകാരമുള്ള എണ്ണക്കപ്പൽ സെപ്റ്റംബറിൽ ലോഡ് നിറയ്ക്കുമെന്നാണ് വിവരം.