Ship-death

Image Credit: Twitter (രണ്ടാമത്തെ ചിത്രം നിശാന്തിന് അസുഖം ബാധിച്ചപ്പോഴുളളത്)

TOPICS COVERED

ഒമാനിലെ ദുക്മ തീരത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ മരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. എംടി സെലസ്റ്റിയൽ എന്ന കപ്പലിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ 35കാരന്‍ നിശാന്ത് ഉയിർത്തനാഥനാണ് മരിച്ചത്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. അതേസമയം കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാലാണ് നിശാന്ത് മരിച്ചതെന്ന് ആരോപിച്ച് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്സിയുഐ) രംഗത്തെത്തി. മൃതദേഹം കൃത്യമായി ഫ്രീസ് ചെയ്യാനുളള സൗകര്യം പോലുമില്ലെന്നും യാതൊരു സംവിധാനവുമില്ലാതെ രണ്ട് ദിവസത്തിലേറെയായി മൃതദേഹം കപ്പലിൽ തന്നെ കിടക്കുകയാണെന്നും എഫ്സിയുഐ വ്യക്തമാക്കി.

ജൂൺ 11-നാണ് കപ്പലിലെ സെക്കൻഡ് ഓഫീസർ നിശാന്ത് ഉയിര്‍ത്തനാഥന്‍ മരണപ്പെട്ടത്. ജൂണ്‍ 8നാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടർച്ചയായി ഛർദ്ദിക്കുകയായിരുന്നുവെന്നും കപ്പൽ കമ്പനിയെ വിവരം അറിയിച്ചെങ്കിലും അവർ പ്രതികരിച്ചില്ലെന്നും എഫ്സിയുഐ പറയുന്നു. ഒമാന്‍ തുറമുഖ മേഖലയില്‍ നിലനിൽക്കുന്ന കടുത്ത പ്രാദേശിക സംഘർഷങ്ങളും മിസൈൽ ആക്രമണ ഭീഷണികളും കാരണം നിശാന്തിന് കൃത്യസമയത്ത് ചികില്‍സ എത്തിക്കാനും സാധിച്ചിരുന്നില്ല.

രോഗം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലായ നിശാന്ത് വൈകാതെ മരണത്തിന് കീഴടങ്ങി. നിശാന്ത് മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മൃതദേഹം കൃത്യമായി സംരക്ഷിക്കാൻ ഉള്ള സൗകര്യങ്ങൾ കപ്പലിൽ ഇല്ലാത്തത് ഒപ്പമുളളവരില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. തണുത്തവെള്ളം നിറച്ച കുപ്പികൾ അടുക്കിവച്ചാണ് ജീവനക്കാർ മൃതദേഹം ജീർണിച്ചുപോകാതെ സൂക്ഷിക്കുന്നതെന്നാണ് എഫ്സിയുഐ പങ്കുവച്ച കുറിപ്പ് വ്യക്തമാക്കുന്നത്. പലവട്ടം ഡിസ്ട്രസ് കോളുകൾ നടത്തിയിട്ടും സമയത്തിന് മെഡിക്കൽ ഇവാക്വേഷൻ നടത്താനായില്ലെന്നും ഇവർ പറയുന്നു. അതേസമയം നിശാന്തിന്‍റെ മരണം സ്ഥിരീകരിച്ച ഇന്ത്യന്‍ എംബസി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അറിയിച്ചു. എന്നാല്‍ നിശാന്തിന്‍റെ മരണകാരണം സംബന്ധിച്ച വിവരങ്ങള്‍ എംബസി പുറത്തുവിട്ടിട്ടില്ല. 

ENGLISH SUMMARY:

Indian sailor death Oman is a critical news report detailing the demise of a 35-year-old Indian sailor, Nishanth Uirthanathan, aboard the MT Celestial ship docked at the Duqm coast in Oman due to health issues. The incident has sparked controversy, with the Forward Seamen's Union of India alleging delayed medical attention and inadequate facilities leading to his death, while the Indian Embassy is facilitating the repatriation of the body.