ഒമാൻ തീരത്ത് യുഎസ് മിസൈലാക്രമണത്തിൽ അപകടത്തിലായ ടാങ്കറിലുണ്ടായിരുന്ന 24 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഒമാൻ തീരത്തെ മസിറയ്ക്ക് സമീപം നങ്കൂരമിട്ടിരുന്ന പലാവു പതാകയുള്ള എംടി മാരിവെക്സ് എന്ന ടാങ്കറിന് നേരെയായിരുന്നു ആക്രമണം. ജീവനക്കാരിലൊരാളുടെ ബന്ധു വഴി ആക്രമണ വിവരം മുംബൈയിലെ മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്ററിന് ലഭിക്കുകയായിരുന്നു.
ഉടൻ മുംബൈ എംആർസിസി ഒമാൻ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററുമായി ബന്ധപ്പെടുകയും രക്ഷാപ്രവർത്തനത്തിനായുള്ള സഹായം അഭ്യർഥിക്കുകയും ചെയ്തു. ഒമാൻ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. സമീപത്തുണ്ടായിരുന്ന കപ്പലിനെ അപകടസ്ഥലത്തേക്ക് വിട്ടു.
ഒമാൻ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ അയക്കുകയും ചെയ്തു. 24 ഇന്ത്യൻ ജീവനക്കാരെയും ഹെലികോപ്റ്റർ മാർഗ്ഗം സുരക്ഷിതമായി കരയിലെത്തിച്ചു. ആർക്കും പരുക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കീഴിലുള്ള മുംബൈ എംആർസിസിയും ഒമാൻ അധികൃതരും തമ്മിലുള്ള മികച്ച ഏകോപനമാണ് ജീവനക്കാരെ വേഗത്തിൽ രക്ഷപ്പെടുത്താൻ സഹായിച്ചത്.