കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയും നടന്ന  ഇറാന്റെ ആക്രമണത്തിൽ വ്യാപക നാശനഷ്ടം. കുവൈത്ത്  വിമാനത്താവളത്തിൽ നടന്ന  ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി കുവൈത്ത്  ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു . കൂടാതെ 63 പേർക്ക് പരുക്കേറ്റതായും കുവൈത്ത് ആരോഗ്യ-വിദേശകാര്യ മന്ത്രാലയങ്ങൾ അറിയിച്ചു 

ഇന്ന് പുലർച്ചെയാണ് ഗൾഫ് മേഖലയെ തന്നെ നടുക്കിയ ആക്രമണം നടന്നത് . കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ വൺ ന്  നേരെ നടന്ന ആക്രമണത്തിൽ  മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ മരിച്ചതായി കുവൈറ്റ് എംബസി സ്ഥിരീകരിച്ചു . അതേസമയം തുടരെയുണ്ടായ ആക്രമണത്തിൽ ചില വിദേശ നയതന്ത്ര കാര്യാലയങ്ങളിലും വൻ നാശനഷ്ടമുണ്ടാക്കി. ഇറാന്റെ കടന്നുകയറ്റത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും വിട്ടുവീഴ്ചയില്ലാത്ത 'ചുവപ്പ് രേഖ'യാണെന്നും, അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് ഇതിന് തിരിച്ചടിക്കാൻ കുവൈത്തിന് പൂർണ്ണ അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.  Also Read: എണ്ണ കപ്പല്‍ ആക്രമിച്ച് യു.എസ്; കുവൈത്തിലും ബഹറൈനിലും ഇറാന്‍ ആക്രമണം; ചര്‍ച്ചകളില്‍ നിന്നും പിന്മാറി


അതേസമയം, ആക്രമണത്തെ തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം ഇപ്പോൾ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്തി സുരക്ഷ ഉറപ്പുവരുത്തിയ ശേഷം കുവൈത്ത് എയർവേയ്സ് സർവീസ് നടത്തുന്ന ടെർമിനൽ 4-ന്റെ പ്രവർത്തനമാണ് നിലവിൽ തുറന്നുകൊടുത്തത്. എന്നാൽ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന്, കോഴിക്കോട്ട് നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട ഐഎക്സ് 393 (IX 393) എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പകുതി വഴിയിൽവെച്ച് കോഴിക്കോട്ടേക്ക് തന്നെ അടിയന്തരമായി തിരിച്ചുവിട്ടിരുന്നു. 

ബഹ്റൈനിലെ തങ്ങളുടെ താവളങ്ങൾ തകർത്തുവെന്ന ഇറാന്റെ അവകാശവാദം അമേരിക്കൻ സൈന്യം തള്ളിയെങ്കിലും സുരക്ഷ മുൻനിർത്തി ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചിരിക്കുകയാണ്. രാജ്യത്ത് പലയിടത്തും അപായ സൈറണുകൾ മുഴങ്ങിയ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും നിർദ്ദേശം നൽകി. ഗൾഫ് മേഖലയിലെ സുരക്ഷ തകർക്കുന്ന ഇറാന്റെ പ്രകോപനപരമായ  നീക്കത്തെ യുഎഇ ശക്തമായി അപലപിക്കുകയും സഹോദര രാജ്യമായ കുവൈത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ENGLISH SUMMARY:

An Indian national was killed and 63 people were injured after Iran launched attacks targeting Kuwait International Airport and US military facilities in Bahrain. The strikes caused widespread damage, disrupted airport operations, and prompted temporary airspace closures across the Gulf region. Kuwait and the UAE strongly condemned the attacks, while Bahrain issued safety advisories amid heightened regional tensions.