ഷാർജ അൽ നഹദയിൽ രണ്ട് വയസ്സുകാരനായ പാകിസ്ഥാനി ബാലൻ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉയർന്ന പശ്ചാത്തലത്തിൽ, അയൽവാസികളായ മലയാളി, തമിഴ് കുടുംബങ്ങളിലെ രണ്ട് പെൺകുട്ടികൾക്കെതിരെ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

ഒരു മാസം മുൻപാണ് പ്രവാസി സമൂഹത്തെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. പാകിസ്ഥാൻ സ്വദേശിയായ സജ്ജാദ് ഹുസൈന്റെ മകൻ മുഹമ്മദ് അർഷമാൻ ആണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ താഴെ വീണതെന്നാണ് ആദ്യം കരുതിയതെങ്കിലും കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കേസിൽ നിർണായക തിരിവുണ്ടായത്. 

സംഭവസമയത്ത് അർഷമാന്റെ അമ്മ അപാർട്ട്മെന്റിന് ഉള്ളിലായിരുന്നു. ഈ സമയത്ത്, അടുത്തടുത്ത ഫ്ലാറ്റുകളിൽ താമസിക്കുന്ന ഒൻപത് വയസ്സുള്ള രണ്ട് പെൺകുട്ടികൾ ചേർന്ന് അർഷമാനെ പുറത്തേക്ക് കളിക്കാൻ വിളിച്ചുകൊണ്ടുപോയി. അപാർട്മെന്റിന് പുറത്തെ ഇടനാഴിയിൽ  വെച്ച് കുട്ടിയെ ഇവർ വിളിക്കുന്നതും, പിന്നീട് അവിടുത്തെ വാതിലടയ്ക്കുന്നതും, കുട്ടി താഴേക്ക് വീണ ശേഷം ഇവർ തിരികെ പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് യുഎഇ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ സംഭവത്തിനുശേഷം ഈ കുട്ടികൾ വിവരമൊന്നും ആരോടും പറഞ്ഞിരുന്നില്ല.ഇവരിൽ ഒരു പെൺകുട്ടി കണ്ണൂർ സ്വദേശിയായ മലയാളിയും മറ്റൊരാൾ തമിഴ്‌നാട് സ്വദേശിയുമാണ്. വർഷങ്ങളായി ഈ കുടുംബങ്ങൾ അടുത്തടുത്ത അപാർട്ട്‌മെന്റുകളിലാണ് താമസിച്ചുവരുന്നത്. കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും അത് സ്വാധീനിക്കുന്ന പെരുമാറ്റ രീതികളും ഇത്തരം അപകടകരമായ പ്രവൃത്തികളിലേക്ക് നയിക്കാൻ കാരണമാകാമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 

ഷാർജ പൊലീസ് നിലവിൽ ഈ കേസ് തുടർനടപടികൾക്കായി ശിശുസംരക്ഷണ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.

സജാദ് ഹുസൈന്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. പണ്ടു പതിറ്റാണ്ടായി യുഎഇയിലാണ് സജാദ് കഴിയുന്നത്. അപകടം നടക്കുന്ന സമയം കുട്ടിയുടെ അമ്മ വീടിനുള്ളിലായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനു ശേഷമാണ് ദമ്പതികള്‍ക്ക് കുട്ടിയുണ്ടാകുന്നത്. ഇവര്‍ക്ക് രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കൂടിയുണ്ട്. 

ENGLISH SUMMARY:

Sharjah child death involves a Pakistani boy who fell from a building, leading to a police investigation involving two young girls. Malayala Manorama Online News covers this incident, highlighting the critical role of CCTV footage in uncovering new details about the tragic event.