Image Credit: X/SilentBriefHQ

Image Credit: X/SilentBriefHQ

സമാധാന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് എത്തിയെന്ന പ്രഖ്യാപനങ്ങള്‍ക്കിടെ ഇറാനെ വീണ്ടും ആക്രമിച്ച് യുഎസ്. തെക്കന്‍ ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലും ഹോര്‍മുസിലുമാണ് വന്‍തോതില്‍ ആക്രമണം ഉണ്ടായത്. സ്വയം പ്രതിരോധത്തിനാണ് ആക്രമിച്ചതെന്നായിരുന്നു യുഎസ് സൈന്യത്തിന്‍റെ അവകാശവാദം.'ഇറാന്‍ സൈന്യം ഉയര്‍ത്തിയ ഭീഷണിയില്‍ നിന്ന് സംരക്ഷണമെന്നോണം ആക്രമണം നടത്തി. മൈനുകള്‍ വിതറാനുള്ള ഇറാന്‍ ബോട്ടുകളുടെ ശ്രമം പരാജയപ്പെടുത്തിയെന്നും മിസൈല്‍ ലോഞ്ചിങ് കേന്ദ്രങ്ങളിലും ആക്രമണം നടത്തി'യെന്നും സെന്‍റ്കോമിന്‍റെ പ്രസ്താവനയില്‍ പറയുന്നു. വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും യുഎസ് സൈന്യത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ ഇനിയും തുടരുമെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു.

യുഎസ് ആക്രമണത്തില്‍ ഇറാന്‍ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. ബന്ദര്‍ അബ്ബാസിലുണ്ടായ സ്ഫോടനങ്ങള്‍ അന്വേഷിക്കുകയാണെന്നും വ്യോമപ്രതിരോധം പ്രവര്‍ത്തനക്ഷമമാണെന്നും ഐആര്‍ജിസി അറിയിച്ചു. മൂന്ന് മാസത്തോളമായി നീളുന്ന യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഇറാന്‍റെ പ്രതിനിധി സംഘം ഖത്തറില്‍ തുടരുന്നതിനിടെയാണ് യുഎസ് ആക്രമണം ഉണ്ടായിരിക്കുന്നത്. യുഎസിനും ഇസ്രയേലിനുമെതിരായ പോരാട്ടത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉന്നതന്‍ മുഹമ്മദ് ബാഘര്‍ സൊല്‍ഘദ്ര്‍ വ്യക്തമാക്കിയിരുന്നു. നിലവിലെ ആക്രമണം സമാധാനശ്രമങ്ങളെ ബാധിക്കുമോയെന്നതിലും ഇറാന്‍ പ്രതികരിച്ചിട്ടില്ല. 

ഇറാന്‍റെ നാവിക–വ്യോമ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നയിടമാണ് ബന്ദര്‍ അബ്ബാസ്. അതിനിടെ സിറികിലും ജസ്കിലും സ്ഫോടന ശബ്ദങ്ങള്‍ ഉണ്ടായതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ യുറേനിയം േശഖരത്തില്‍ ട്രംപ് വീണ്ടും ഭീഷണി മുഴക്കി. 'സമ്പുഷ്ടീകരിച്ച യുറേനിയം എത്രയും വേഗം അമേരിക്കയ്ക്ക് കൈമാറുകയോ നശിപ്പിക്കുകയോ അമേരിക്കയ്ക്ക് കൂടി സമ്മതമുള്ള മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുകയോ വേണം' എന്നാണ് ട്രംപിന്‍റെ മുന്നറിപ്പ്. 

ENGLISH SUMMARY:

The United States military has launched a fresh wave of heavy air strikes against strategic targets in southern Iran, targeting the critical port cities of Bandar Abbas and Hormuz. According to a formal statement by US Central Command (CENTCOM), the pre-emptive operation successfully neutralized Iranian naval boats attempting to deploy sea mines and dismantled several active missile launch facilities. While an official Iranian delegation remains in Qatar attempting to finalize complex ceasefire negotiations to end the three-month conflict, the IRGC confirmed its air defenses were activated and is currently assessing structural damages. The tensions escalated further following reports of supplementary explosions in Sirik and Jask, which prompted US President Donald Trump to issue a stern ultimatum regarding the regime's nuclear assets. Trump demanded that Iran immediately destroy its entire stockpile of enriched uranium, surrender it directly to the United States, or securely transfer it to a mutually approved neutral territory.