Image Credit: WANA (West Asia News Agency)/ via REUTERS

Image Credit: WANA (West Asia News Agency)/ via REUTERS

ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ യുഎസ് ആക്രമണം ഉണ്ടായതിന് പിന്നാലെ യുഎഇ ലക്ഷ്യമിട്ട് ഇറാന്‍റെ ഡ്രോണുകളും മിസൈലുകളും. പുലര്‍ച്ചയോടെ മിസൈല്‍– ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നും വ്യോമപ്രതിരോധം അതിനെ നിര്‍വീര്യമാക്കിയെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിസൈല്‍– ഡ്രോണ്‍ അവശിഷ്ടങ്ങളുടെ ചിത്രം പകര്‍ത്തരുതെന്നും അവയ്ക്കരികിലേക്ക് പോകരുതെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആക്രമണ–പ്രത്യാക്രമണങ്ങള്‍ ഉണ്ടായതോടെ പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി പടരുകയാണ്. ഹോര്‍മുസിലെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇന്ധനവിലയിലും വര്‍ധനയുണ്ടായി.  ക്രൂഡ് ഓയില്‍ ബാരലിന് 101.12 ഡോളറായിരുന്നത് 103. 70 ഡോളറായി ഉയര്‍ന്നു. ഖേഷം ദ്വീപിലും ബന്ദര്‍ അബ്ബാസിലുമാണ് യുഎസ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ യുഎസ് കപ്പലുകള്‍ക്ക് നേരെ ഇറാനും തിരിച്ചടി നല്‍കി. 'ശത്രു അതിക്രമിച്ച് വന്നു, കിട്ടാനുള്ളത് ഇരന്ന് വാങ്ങി മടങ്ങിപ്പോയി' എന്നായിരുന്നു ഇറാന്‍ സൈന്യത്തിന്‍റെ പ്രസ്താവന. എന്നാല്‍ അമേരിക്കന്‍ കപ്പലുകള്‍ക്കൊന്നും നാശം സംഭവിച്ചിട്ടില്ലെന്നും ഇറാന്‍ മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി പ്രതിരോധിച്ചുവെന്നുമാണ് യുഎസ് സെന്‍റ്കോമിന്‍റെ പ്രതികരണം. 

അതേസമയം,വെടിനിര്‍ത്തല്‍ നിലവിലുണ്ടെന്നും ഹോര്‍മുസിലുണ്ടായത് കാര്യമാക്കേണ്ടതില്ലെന്നും ചെറിയ സൈനിക നടപടി മാത്രമാണെന്നുമായിരുന്നു ട്രംപിന്‍റെ വാദം. അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ടെത്തിയ ഇറാന്‍ നീക്കം തകര്‍ത്തുവെന്നും  മൂന്ന് യുദ്ധക്കപ്പലുകള്‍ക്കും നാശം സംഭവിച്ചിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇറാന് വലിയ നഷ്ടമുണ്ടായെന്നും ചെറുബോട്ടുകളിലായെത്തിയ അവരെ കടലില്‍ മുക്കിക്കളഞ്ഞുവെന്നും ഇറാന്‍റെ ഡ്രോണുകളെയും മിസൈലുകളെയും  തകര്‍ത്തുവെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ആണവായുധ നീക്കം ഉപേക്ഷിക്കാന്‍ ഇറാന്‍ തയാറായതാണെന്നും കരാറില്‍ ഒപ്പിടുമോയെന്ന് നോക്കട്ടെയെന്നും അല്ലെങ്കില്‍ വിനാശമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സമാധാനക്കരാറിലെത്തേണ്ടത് അമേരിക്കയെക്കാള്‍ ഇറാന്‍റെ ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.

ജാസ്കിനടുത്ത് നിന്ന് ഹോര്‍മുസിലേക്ക് പോയ ഇറാന്‍റെ ഇന്ധന കപ്പലിന് നേരെയും  ഫുജൈറയില്‍ നിന്ന് വന്ന കപ്പലിനെയുമാണ് യുഎസ് ലക്ഷ്യമിട്ടതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു.  ഇതിന് പുറമെ ബന്ദര്‍ കമിര്‍, സിറിക്, ഖേഷം എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലും യുഎസ് വ്യോമാക്രമണം നടത്തിയെന്ന് ഇറാന്‍റെ ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് പ്രസ്താവനയില്‍ അറിയിച്ചു. 

ENGLISH SUMMARY:

Tensions in the Middle East reached a breaking point as Iran launched a series of drone and missile attacks targeting the UAE, following recent US strikes in the Strait of Hormuz. The UAE Ministry of Defence confirmed that its air defense systems successfully intercepted the threats, and residents have been warned not to approach debris. The escalation caused global crude oil prices to surge, jumping from $101.12 to over $103.70 per barrel within hours. While Iran claimed the US "got what it deserved" for its aggression, President Donald Trump downplayed the incident on social media, describing it as a minor military action and claiming heavy losses for Iran. The conflict remains volatile as both sides exchange threats, with the US demanding that Iran permanently abandon its nuclear ambitions to avoid further devastation.