Image Credit: AFP
ഇറാനെതിരായ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് വീണ്ടും യുദ്ധത്തിന് അമേരിക്ക തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 6000 ടണിലേറെ പടക്കോപ്പുകളാണ് യുഎസ് ഇസ്രയേലിലേക്ക് എത്തിച്ചതെന്ന് സംയുക്ത മേധാവിമാരുടെ ചെയര്‍പഴ്സനടക്കം പങ്കെടുത്ത യോഗത്തിലെ ബ്രീഫിങില്‍ വ്യക്തമാക്കിയെന്നാണ് വിവരം. ആക്രമണം പുനരാരംഭിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്.
രണ്ട് ചരക്ക് കപ്പലുകളിലും നിരവധി വിമാനങ്ങളിലുമായി 6,500 ടണ്‍ ആയുധങ്ങള്‍ എത്തിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ദ് ഇസ്രയേല്‍ ടൈംസും ജെറുസലേം പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരെയുള്ള യുദ്ധം ആരംഭിച്ചിട്ട് ഇതുവരെയായി 115,600 ടണ്‍ പടക്കോപ്പുകളാണ് അമേരിക്ക ഇസ്രയേലില്‍ എത്തിച്ചത്. 403 എയര്‍ലിഫ്റ്റുകളും 10 സീ ലിഫ്റ്റുകളുമാണ് ഇതിന് വേണ്ടി വന്നതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇറാനില്‍ ഇനി സ്വീകരിക്കേണ്ട സൈനിക നടപടിയെ സംബന്ധിച്ച് തീരുമാനിക്കാന്‍ യുഎസ് സൈന്യം പുതിയ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറുതും എന്നാല്‍ ശക്തവുമായ ആക്രമണം നടത്തുമെന്നും അത് ചര്‍ച്ചയ്ക്കായി ഇറാനെ പ്രേരിപ്പിക്കാന്‍ പാകത്തിലുള്ളതുമായിരിക്കുമെന്നുമാണ് സെന്‍റ്കോം പറയുന്നത്. ഇതല്ലാതെ ഹോര്‍മുസിന്‍റെ ഒരുഭാഗം പിടിച്ചെടുത്ത് കപ്പല്‍ ഗതാഗതം നിയന്ത്രണത്തിലാക്കാന്‍ ട്രംപ് പദ്ധതിയിടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അത്തരം ഒരു ഓപ്പറഷേന്‍ നടത്തണമെങ്കില്‍ അമേരിക്ക കരയുദ്ധത്തിന് ഇറങ്ങേണ്ടി വരുമെന്നും അത് പ്രതീക്ഷിക്കാത്ത പ്രത്യാഘാതമുണ്ടാക്കിയേക്കുമെന്നും ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍റെ സമ്പുഷ്ടീകരിച്ച യുറേനിയം കൈക്കലാക്കുകയാണ് മൂന്നാമത്തെ വഴിയെന്നാണ് അമേരിക്കന്‍ സൈന്യം വിലയിരുത്തുന്നത്. അതിന് എന്ത് നടപടി സ്വീകരിക്കുമെന്നും ഇറാനെ കൊണ്ട് തന്നെ കൈമാറ്റം സാധ്യമാക്കണോ അതോ മറ്റ് മാര്‍ഗങ്ങള്‍ തേടണോ എന്നതിലടക്കം ചര്‍ച്ച നടക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഏകപക്ഷീയമായി ആരംഭിച്ച ഇറാന്‍ യുദ്ധം അറുപത് ദിവസം കഴിഞ്ഞും തുടരുകയാണ്. ഇറാനുമായി തങ്ങള്‍ യുദ്ധത്തിലല്ല എന്നായിരുന്നു അമേരിക്കയുടെ ഒടുവിലത്തെ നിലപാട്.
അതേസമയം, യുദ്ധം അവസാനിപ്പിക്കാനെന്ന പേരില്‍ യുഎസ് നടത്തുന്ന ചര്‍ച്ചകളില്‍ ലവലേശം ഇറാന് വിശ്വാസമില്ല. മുന്‍പത്തേത് പോലെ ചര്‍ച്ച പുരോഗമിക്കുമ്പോള്‍ തന്നെ ആക്രമണം നടത്താന്‍ അമേരിക്ക മടിക്കില്ലെന്നും അമേരിക്കയെ തരിമ്പും വിശ്വസിക്കാന്‍ കഴിയില്ലെന്നും ഇറാന്‍ പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുവട്ടമാണ് സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അമേരിക്ക ഇറാനെ ആക്രമിച്ചതെന്നതാണ് ഇതിന് കാരണം. ഇനിയുമൊരു ആക്രമണത്തിന് യുഎസും ഇസ്രയേലും തുനിഞ്ഞാല്‍ തീര്‍ത്തുകളയുമെന്നാണ് പുതിയ സൈനിക നീക്കങ്ങളോടുള്ള ഇറാന്‍റെ പ്രതികരണം.