iran-rift

യു.എസുമായി സംഘര്‍ഷം നിലനില്‍കെ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയെ പുറത്താക്കാന്‍ നേതൃത്വത്തിന്‍റെ ശ്രമമെന്ന് റിപ്പോര്‍ട്ട്. പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനും പാര്‍ലമെന്‍റ് സ്പീക്കര്‍ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് നീക്കങ്ങള്‍ക്ക് പിന്നില്‍. ഇറാന്‍ പ്രസിഡന്‍റും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോപ്സും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അരഗ്ചിയെ തെറിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍. 

പാക്കിസ്ഥാനില്‍ നടന്ന ആണവ ചര്‍ച്ചകളില്‍ പ്രസിഡന്‍റിനെ അറിയിക്കാതെ റവല്യൂഷണറി ഗാര്‍ഡ് ചീഫിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നതാണ് അരഗ്ചിക്കെതിരായ ആരോപണം. ഒരു കാബിനറ്റ് അംഗം എന്നതിലുപരി റവല്യൂഷണറി ഗാര്‍ഡ് കാമാന്‍ഡറെന്ന നിലയ്ക്കാണ് അബ്ബാസ് അരഗ്ചി പ്രവര്‍ത്തിക്കുന്നതെന്ന് കാബിനറ്റില്‍ ആരോപിക്കുന്നതായി ഇറാന്‍ ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. 

റെവല്യൂഷണറി ഗാർഡ്‌സിന്റെ കമാൻഡറായ അഹമ്മദ് വാഹിദിയുടെ സഹായിയെ പോലെ അരഗ്ചി പ്രവര്‍ത്തിക്കുന്നു. വാഹിദിയുടെ നിര്‍ദ്ദേശം അനുസരിച്ച് പ്രസിഡന്‍റിനെ ബൈപ്പാസ് ചെയ്ത് നയങ്ങള്‍ നടപ്പിലാക്കുന്നു, എന്നിങ്ങനെയാണ് കാബിനറ്റില്‍ അരഗ്ചിക്ക് എതിരായി ഉയര്‍ന്ന ആരോപണങ്ങള്‍. കഴിഞ്ഞ ആഴ്ചകളിലായി അരഗ്ചി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പെസഷ്കിയാന്‍ തൃപ്തനല്ല. ഈ രീതി തുടരുകയാണെങ്കില്‍ അദ്ദേഹത്തെ വിദേശകാര്യമന്ത്രി എന്ന സ്ഥാനത്ത് നിന്നും നീക്കം ചെയ്യുമെന്ന് അദ്ദേഹം അടുത്തവൃത്തങ്ങളോട് പറഞ്ഞതായും ഇറാന്‍ ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

വാഹിദിയും പെസഷ്കിയാനും തമ്മില്‍ തര്‍ക്കങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. യു.എസ്- ഇസ്രയേല്‍ സേനകളുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഉദ്യോഗസ്ഥനെ നിയമിക്കുന്നത് വാഹിദിക്കുണ്ടായിരുന്ന അധികാരം പെസഷ്കിയാന്‍ എടുത്തുകളഞ്ഞിരുന്നു. 

യു.എസുമായുള്ള ചര്‍ച്ച സംഘത്തെ പിന്തുണച്ചുള്ള പാര്‍ലമെന്‍റ് പ്രസ്താവനയില്‍ തീവ്ര നിലപാടുള്ള അംഗങ്ങൾ ഒപ്പിടാന്‍ തയ്യാറാകാതിരുന്നതോടെ നിയമനിര്‍മാണ തലത്തിലുള്ള വിള്ളല്‍ പുറത്തുവന്നിരുന്നു. 261 എംപിമാര്‍ ഒപ്പിട്ടിട്ടും സയീദ് ജലീലി അടക്കമുള്ളവര്‍ പ്രസ്താവനയില്‍ നിന്നും വിട്ടുനിന്നു. പിന്നീട് ചര്‍ച്ചയുടെ നേതൃത്വം ഏറ്റെടുത്ത അരഗ്ചി ഇസ്‍ലാമാബാദിലേക്ക് തിരിക്കുകയും ഇറാന്‍റെ നിര്‍ദ്ദേശങ്ങള്‍ കൈമാറുകയുമായിരുന്നു. 

ENGLISH SUMMARY:

Reports indicate a growing rift within Iran's top leadership as President Masoud Pezeshkian and Parliament Speaker Mohammad Bagher Ghalibaf reportedly consider removing Foreign Minister Abbas Araghchi. Araghchi is accused of bypassing the President and acting under the direct influence of Revolutionary Guard Commander Ahmad Vahidi, particularly during nuclear discussions in Pakistan. This internal conflict highlights the power struggle between the presidency and the IRGC regarding foreign policy and negotiations with the US. Tensions have escalated to the point where Pezeshkian has expressed dissatisfaction with Araghchi’s recent diplomatic maneuvers, including high-level meetings in Islamabad and Moscow.