irgc-capture-ships

ഹോര്‍മുസില്‍ കപ്പലുകള്‍ പിടിച്ചെടുക്കുന്ന വിഡിയോ പുറത്തുവിട്ട് ഇറാന്‍. ഇന്ത്യയിലേക്ക് വരുകയായിരുന്ന എപാമിനോണ്ടാസ് എന്ന ചരക്കുകപ്പലും സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന എംഎസ്‍സി ഫ്രാൻസെസ്ക എന്ന കപ്പലുമാണ് ഇന്നലെ ഹോര്‍മുസില്‍ വെടിവെയ്പ്പ് നടത്തിയ ശേഷം ഇറാന്‍ കസ്റ്റഡിയിലെടുത്തത്. സർക്കാർ അഫിലിയേറ്റഡ് മീഡിയ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് ആണ് വിഡിയോ പങ്കുവച്ചത്. 

ഇറാന്‍ പതാക വെച്ച സ്പീഡ് ബോട്ടുകള്‍ കപ്പലിന് അടുത്തേക്ക് എത്തുകയും മുഖംമൂടി ധരിച്ച സൈനികര്‍ കപ്പലിലേക്ക് കയറുന്നതുമാണ് വിഡിയോ. തോക്കുധാരികളായ അഞ്ച്  സൈനികരാണ് ബോട്ടില്‍ നിന്നും കപ്പലിലേക്ക് പ്രവേശിക്കുന്നത്. രണ്ട് കപ്പലുകള്‍ കീഴ്പ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തുവിട്ടത്. കപ്പലിന്‍റെ അകത്ത് പ്രവേശിക്കുകയും വിവിധ ഭാഗങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. 

ലൈബീരിയന്‍ പതാകയുള്ളതാണ് എപാമിനോണ്ടാസ് എന്ന കപ്പല്‍. നാവിഗേഷൻ സംവിധാനങ്ങളിൽ കൃത്രിമം കാണിക്കുകയും സമുദ്ര സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്തു എന്നതാണ് കപ്പലിനെതിരായ ഇറാന്‍റെ ആരോപണം. യുഎഇയിലെ ജബല്‍ അലി പോര്‍ട്ടില്‍ നിന്നും ഗുജറാത്തിലെ മുദ്ര പോര്‍ട്ടിലേക്കാണ് കപ്പലിന്‍റെ സഞ്ചാര പാത എന്നാണ് മറൈന്‍ട്രാഫിക്ക് ഡാറ്റ കാണിക്കുന്നത്. ഇറാനിയൻ സായുധ സേനയുടെ മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്ന് എപാമിനോണ്ടാസിന് നേരെ വെടിയുതിർത്തു എന്നും ഇറാന്‍ വ്യക്തമാക്കി. 

പനാമ പതാകയുള്ളതാണ് എംഎസ്‍സി ഫ്രാൻസെസ്ക എന്ന കപ്പല്‍. സൗദിയിലെ ദമാമില്‍ നിന്നും സിംഗപ്പൂരിലേക്ക് പോകുന്നതായിരുന്നു കപ്പല്‍. കപ്പല്‍ പിടിച്ചെടുത്തതിനെ പനാമ അപലപിച്ചു. തങ്ങളുടെ പതാകയ്ക്ക് കീഴിൽ സഞ്ചരിക്കുന്ന കപ്പൽ പിടിച്ചെടുത്തത് നിയമവിരുദ്ധമാണെന്നാണ് പനാമയുടെ പ്രതികരണം. കപ്പൽ ഇറ്റാലിയൻ ഉടമസ്ഥതയിലുള്ളതാണെങ്കിലും പനാമ പതാകയ്ക്ക് കീഴിലാണ് ഇത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടിച്ചെടുത്ത കപ്പലുകള്‍ നിലവില്‍ ഇറാന്‍ തീരത്തേക്ക് മാറ്റിയിട്ടുണ്ട്. 

ENGLISH SUMMARY:

Iran has released a video of ships being seized in the Strait of Hormuz, showing armed soldiers boarding vessels. This incident involves the cargo ship Epanomonondas and MSC Francesca, raising concerns about maritime security in the region.