രണ്ടാംഘട്ട ചര്‍ച്ചയ്ക്കുള്ള സാധ്യത അനിശ്ചിതത്വത്തിലാക്കി ഹോര്‍മുസില്‍ യുഎസും ഇറാനും നേര്‍ക്കുനേര്‍. കടലിടുക്ക് കടക്കാന്‍ ശ്രമിച്ച ഇറാന്‍ കപ്പല്‍ യുഎസ് പിടിച്ചെടുത്തു. സമാധാന ചര്‍ച്ചയ്ക്ക് യുഎസ് സംഘം ഇന്ന് ഇസ്‌ലാമാബാദിലെത്തുമെങ്കിലും ചര്‍ച്ചക്ക് ഇല്ലെന്ന നിലപാടിലാണ് ഇറാന്‍
വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സ്ഥിതി കലുഷിതമായത്. ഇറാന്‍ തുറമുഖത്തേക്ക് എത്തിയ കപ്പല്‍ തിരിച്ചുപോകാന്‍ യുഎസ് സേന ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതോടെ യുഎസ് സേന കപ്പലിനുനേരെ വെടിയുതിര്‍ത്തു.
കപ്പല്‍ യുഎസ് കസ്റ്റഡിലാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മറീനുകള്‍ ഹെലികോപ്റ്ററില്‍ കപ്പലിലിറങ്ങി നിയന്ത്രണം ഏറ്റെടുത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കപ്പലിനുനേരെ വെടിയുതിര്‍ത്ത യുഎസ് വെടിനിര്‍ത്തല്‍ ലംഘിച്ചെന്നും യുഎസ് നടത്തിയത് കടല്‍ക്കൊള്ളയാണെന്നും ഇറാന്‍ ആരോപിച്ചു.
യുഎസ് നടപടിക്കെതിരെ മറുപടി നല്‍കുമെന്നും ഇറാന്‍ വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം കപ്പലകളൊന്നും ഹോര്‍മുസ് കടന്നിട്ടില്ല. യുഎസ് ഉപരോധം പിന്‍വലിക്കാതെ കപ്പല്‍പ്പാത തുറക്കില്ലെന്നും കപ്പല്‍പാതയുടെ നിയന്ത്രണം തങ്ങള്‍ക്ക് വേണമെന്നുമാണ് ഇറാന്‍ നിലപാട്.
രണ്ടാംഘട്ട സമാധാന ചര്‍ച്ചയ്ക്കായി യുഎസ് പ്രതിനിധി സംഘം ഇന്ന് രാത്രി ഇസ്‌ലാമാബാദില്‍ എത്തുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. എന്നാല്‍ ഹോര്‍മുസിലെ യുഎസ് നടപടി പിന്‍വലിക്കാതെ ചര്‍ച്ചയ്ക്ക് എത്തില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചയക്ക് വഴിയൊരുക്കാന്‍ മധ്യസ്ഥരായ പാക്കിസ്ഥാന്‍ ഇറാനുമായി ചര്‍ച്ച തുടരുകയാണ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാന്‍ പ്രസിഡന്റ് അടക്കമുളള നേതൃത്വമായി ചര്‍ച്ച നടത്തി