ഹോർമുസ് കടലിടുക്ക് തുറന്നുവെന്നും, ലബനനിൽ വെടിനിർത്തലും വന്നുവെന്നും, ഇനി വീണ്ടും പാകിസ്ഥാനിൽ വച്ച് ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്നും സൂചിപ്പിച്ച് മുന്‍ മന്ത്രി തോമസ് ഐസക്. ഇതൊക്കെ പത്ത് ദിവസം മുമ്പ് ആകാമായിരുന്നു. തടസ്സം നിന്നത് വെടിനിർത്തൽ പ്രഖ്യാപിച്ചു കഴിഞ്ഞിട്ട് ലബനിൽ മാരകമായ ബോംബ് ആക്രമണം നടത്തിയ ഇസ്രയേൽ ആയിരുന്നു. ഇപ്പോൾ അമേരിക്ക ഇസ്രയേലിന് കടിഞ്ഞാൺ ഇട്ടിട്ടുണ്ടെന്ന് തോന്നുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'പക്ഷേ, ഇസ്രയേലിന് സമാധാനമല്ല വേണ്ടത്. വിശാല ഇസ്രയേൽ പ്രദേശത്തുനിന്ന് പലസ്തീനികളുടെയും തദ്ദേശവാസികളുടെയും ഉന്മൂലനമാണ്. ഗാസ പോലെ ദക്ഷിണ ലബനിനെ തരിപ്പണമാക്കണം, സ്വന്തമാക്കണം. ജോർദ്ദാൻ തീരത്തുനിന്ന് പലസ്തീനികളെ തുരത്തണം. ഈ അജണ്ട നടപ്പാക്കുന്നതിനു തടസ്സം ഇറാനാണ്. എന്തുകൊണ്ടോ ഇസ്രയേലിനെ ചൊൽപ്പടിക്കു നിർത്താൻ ട്രംപിനു കഴിയുന്നില്ല. എപ്സ്റ്റീൻ ഫയലുകളാണു കാരണമെന്നു പറയുന്നവർ ഏറെയുണ്ട്. തീർച്ചയൊന്നും പറയാനാവില്ല.
രാഷ്ട്രീയമായി ട്രംപിന് യുദ്ധം നീട്ടിക്കൊണ്ടു പോകാനാവില്ല. ആഗോളമായും അമേരിക്കയിലും അത് ഉണ്ടാക്കാവുന്ന വിപരീതഫലങ്ങൾ നവംബറിൽ നടക്കാൻ പോകുന്ന അമേരിക്കയിലെ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായി മാറും. മുഖം രക്ഷിച്ച് എങ്ങനെയാണ് പിന്മാറുക? ഇതിന്റെ വെപ്രാളം ഇടതടവില്ലാതെ ട്രംപ് ഇറക്കിക്കൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ തെളിഞ്ഞുകാണാം.
എന്തൊക്കെ നാടകങ്ങളാണ് നടക്കുന്നത്?. ലബനിൽ ഇസ്രയേൽ വെടിനിർത്തൽ സമ്മതിക്കുന്നതിനു മുമ്പ് ലബനൻ സർക്കാരുമായിട്ടു നടന്ന ചർച്ച തന്നെ ഏറ്റവും നല്ല ഉദാഹരണം. രണ്ട് കൂട്ടരെയും ട്രംപ് വാഷിംഗ്ടണ്ണിലേക്ക് വിളിപ്പിച്ചു. പക്ഷേ, ഇസ്രയേലിനൊപ്പമിരിക്കാൻ ലബനൻ വിസമ്മതിച്ചു. അതുകൊണ്ട് രണ്ടുപേരോടും ട്രംപ് ഒറ്റയ്ക്ക് ഒറ്റയ്ക്ക് സംസാരിക്കുകയാണുണ്ടായത്.
താമശ എന്താണെന്നുവച്ചാൽ ഇസ്രയേൽ ലബനൻ സർക്കാരുമായി യുദ്ധമില്ല. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള എന്ന അർദ്ധസൈനിക സംഘവുമായിട്ടാണ് സംഘർഷം. അവരെ പൂർണ്ണമായും ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യം. ഇസ്രയേലിന്റെ വെടിനിർത്തൽ ഹിസ്ബുള്ളയുമായിട്ടാണ്. പക്ഷേ, ചർച്ചാ നാടകം ലബനൻ സർക്കാരുമായിട്ടാണ്. അതും ഒരുമിച്ചുപോലുമല്ല. മദ്ധ്യസ്ഥന്മാർ വഴി.
ട്രംപ് എന്തിനുവേണ്ടി യുദ്ധത്തിനിറങ്ങിയോ ആ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടിയിട്ടില്ല. ഇല്ലാതാക്കിയെന്നു പറയുന്ന അതേ ഭരണകൂടവുമായിട്ടാണ് ഇപ്പോൾ സമാധാന ചർച്ച. ഇറാൻ പറഞ്ഞതുപോലെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നശേഷമേ ഹോർമുസ് തുറന്നുകിട്ടിയുള്ളൂ. വീണ്ടും യുദ്ധമുണ്ടായാൽ അത് ഇനിയും അടയ്ക്കും. ഇറാന്റെ എണ്ണ ഇപ്പോഴും ഇറാന്റെ സ്വത്ത് തന്നെ. ഇസ്രയേൽ ഒഴികെ ഒരു സഖ്യകക്ഷിയും അമേരിക്കയോടൊപ്പം നിൽക്കാനില്ല.
എന്നാലും ട്രംപിന് തോൽക്കാനാകുമോ? അതുകൊണ്ട് പാകിസ്ഥാനിൽ ചർച്ച ചെയ്യാൻ പോകുന്ന കാര്യങ്ങളൊക്കെ ഇറാൻ സമ്മതിച്ചുകഴിഞ്ഞൂവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവൻ അമേരിക്കയെ ഏൽപ്പിക്കാമെന്ന് സമ്മതിച്ചൂവെന്നുള്ളതാണ് ഏറ്റവും അവസാനത്തെ പ്രചാരണം.
ഇതിനിടെ അമേരിക്കയിലെ സാധാരണക്കാരുടെ മുന്നിൽ മംദാനി ഒരു ചോദ്യം ഉയർത്തുന്നുണ്ട്- “50 കോടി ഡോളറാണ് ഇറാനെ ബോംബ് ചെയ്യാൻ അമേരിക്ക ഒരു ദിവസം ചെലവഴിക്കുന്നത്. ഇത്രയും പണംകൊണ്ട് എത്ര അധ്യാപകരെ നിയമിക്കാമായിരുന്നു? എത്ര ഫ്ലാറ്റുകൾ പണിയാമായിരുന്നു? എത്ര റോഡുകൾ നന്നാക്കാമായിരുന്നു? ഈ പണം അമേരിക്കയിലെ സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉപയോഗിച്ചുകൂടേ?” ട്രംപിനെ സംബന്ധിച്ച് വളരെ അപകടകരമായ ചോദ്യങ്ങളാണ് ഇവയെന്നതിൽ സംശയമില്ല'. – അദ്ദേഹം വിലയിരുത്തുന്നു.