Image Credit:x/sentdefender

Image Credit:x/sentdefender

പശ്ചിമേഷ്യയില്‍ യുദ്ധത്തിനായി വിന്യസിക്കപ്പെട്ട അമേരിക്കന്‍ സൈനികര്‍ക്ക് ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ലെന്ന് പരാതി. യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളിയിലുള്ള സൈന്യത്തിന് കഴിക്കാന്‍ നല്‍കിയ ഭക്ഷണത്തിന്‍റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കണിലും സ്ഥിതി വ്യത്യസ്തമല്ല. യുദ്ധക്കപ്പലുകളിലെ ശുചിമുറി കേടായത് കൊണ്ട് സൈനികര്‍ ബുദ്ധിമുട്ടിലായ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ചിത്രങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് യുഎസില്‍ ട്രംപിനെതിരെ ഉയരുന്നത്.

യുഎസ്എസ് ട്രിപ്പോളിയില്‍ നിന്നും മകള്‍ അയച്ചതെന്ന പേരില്‍ ഒരു കുടുംബം പുറത്തുവിട്ട ചിത്രമാണ് യുഎസ്എ ടുഡേ പുറത്തുവിട്ടത്. വേവിച്ച കുറച്ച് കാരറ്റ് കഷ്ണങ്ങളും ഉണക്ക ഇറച്ചി പാകം ചെയ്തതും പ്രൊസസ്ഡ് മീറ്റിന്‍റെ ഒരു കഷ്ണവുമാണ് പ്ലേറ്റിലുള്ളത്. വളരെ പരിമിതമായ ഭക്ഷണമാണ് സൈനികര്‍ക്ക് ലഭിക്കുന്നതെന്നും ചിലപ്പോള്‍ മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്നും ഉള്ളത് എല്ലാവരും കൂടി വീതിച്ച് കഴിക്കുകയാണ് ചെയ്യുകയെന്നും നാവികരിലൊരാള്‍ അമ്മയോടെ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണത്തിന് ഇത്രയും ബുദ്ധിമുട്ടിയ സമയം ഉണ്ടായിട്ടില്ലെന്ന് നാവികര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ഏകപക്ഷീയമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎസ്എസ് ട്രിപ്പോളിയടക്കമുള്ള യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് എത്തിയത്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ കണക്കനുസരിച്ച് 3500 നാവികരും മറീനുകളുമാണ് കപ്പലിലുള്ളത്. സൈനികരുടെ ദുരിതം മനസിലാക്കി അവശ്യവസ്തുക്കള്‍ കപ്പലിലേക്ക് അയച്ചുവെങ്കിലും ഇവയൊന്നും തന്നെ യുദ്ധമുഖത്തുള്ളവര്‍ക്ക് ലഭിച്ചില്ലെന്നാണ് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നത്. യുദ്ധത്തെ തുടര്‍ന്ന് പലയിടങ്ങളിലും വ്യോമപാത അടച്ചിടേണ്ടി വരികയും ചരക്ക് നീക്കം പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് സൈനികര്‍ വലഞ്ഞത്. വലിയ പ്രതിഷേധമാണ് സൈനികരുടെ കുടുംബങ്ങള്‍ ഉയര്‍ത്തുന്നതെന്നും യുഎസ്എ ടുഡേ പറയുന്നു. 'സൈനികര്‍ക്ക് ഭക്ഷണമില്ല, ഒരു പാഴ്സല്‍ പോലും എത്തിക്കാനാവുന്നില്ല. എന്നിട്ടും  പേര് ലോകത്തെ ഏറ്റവും കരുത്തരായ സൈന്യമെന്നാണ്' - രോഷാകുലരായ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. 

അതേസമയം, യുദ്ധമുഖത്തേക്ക് നിലവില്‍ സാധനങ്ങള്‍ എത്തിക്കാന്‍ പറ്റില്ലെന്നതാണ് വാസ്തവമെന്നും സുരക്ഷിത കേന്ദ്രങ്ങളില്‍ അവ സൂക്ഷിച്ചിട്ടുണ്ടെന്നും യുഎസ് സൈനിക വക്താവ് ട്രാവിസ് ഷോ പറയുന്നു. സാധാരണഗതിയില്‍ ദീര്‍ഘകാലത്തേക്കുള്ള സൈനിക വിന്യാസങ്ങള്‍ക്ക് പര്യാപ്തമായ നിലയിലാണ് ഇത്തരം യുദ്ധക്കപ്പലുകള്‍ സജ്ജമാക്കുക. മതിയായ തയാറെടുപ്പുകള്‍ ഒന്നുമില്ലാതെയാണ് ട്രംപ് ഈ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന വാദം ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകളെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. 

ENGLISH SUMMARY:

US sailors and marines stationed on the USS Tripoli near Iran are reportedly facing severe hardships, including a critical shortage of food and basic amenities. Photos shared by family members show meager rations consisting of a few carrots and a piece of processed meat, sparking outrage across the United States. Reports suggest that the blockade of air routes and supply chain disruptions due to the ongoing West Asian conflict have hampered the delivery of essentials. While military officials claim supplies are held in secure locations for safety, families of the 3,500 personnel onboard have criticized the Trump administration for poor planning before deploying forces into the war zone.