AI Generated Image

ഹോര്‍മൂസ് കടലിടുക്കിലെ യുഎസ് ഉപരോധത്തിലൂടെ ഇറാന് പ്രതിദിനം 435 ദശലക്ഷം ഡോളർ (ഏകദേശം 4,081 കോടി രൂപ) വരെ നഷ്ടമുണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്. ടെഹ്റാനും വാഷിങ്ടണും തമ്മിലുള്ള പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് ഹോര്‍മുസിലെ ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. 

തിങ്കളാഴ്ച മുതൽ ആരംഭിച്ച ഉപരോധം എണ്ണ, വളം, ഭക്ഷണം തുടങ്ങിയ ചരക്കുകളുടെ നീക്കത്തെ തടസ്സപ്പെടുത്താനും  പണപ്പെരുപ്പത്തിന് കാരണമാവാനും ഇടവച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം അമേരിക്കയുടെ ഉപരോധം എത്രത്തോളം ശക്തമായിരിക്കുമെന്നതും ഇറാന്റെ ഹോര്‍മുസിന് പുറത്തുള്ള പാതയായ ‘ജാസ്ക്’ ടെർമിനൽ വഴി എണ്ണ കയറ്റുമതി എത്രത്തോളം സാധ്യമാകും എന്നതിനേയും അടിസ്ഥാനമാക്കിയാകും നഷ്ടമെന്നും  രാജ്യാന്തര നിരീക്ഷകർ വിലയിരുത്തുന്നു. 

പേർഷ്യൻ കടലിടുക്കിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഒഴിവാക്കി എണ്ണ കയറ്റുമതി ചെയ്യാനായി ഇറാന്‍ നിര്‍മിച്ചതാണ് ജാസ്ക് പാത.  യുദ്ധമോ മറ്റ് സംഘർഷങ്ങളോ കാരണം ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടേണ്ടി വന്നാലും എണ്ണ വിതരണം തടസ്സപ്പെടാതിരിക്കാൻ ഇത് ഇറാനെ സഹായിക്കുന്നു. ബുഷെഹർ പ്രവിശ്യയിലെ 'ഗോറെ' (Goreh)യില്‍ നിന്ന് ഒമാൻ ഉൾക്കടലിലെ ‘ജാസ്ക്’ (Jask) തുറമുഖം വരെയാണ് ഈ പൈപ്പ്‌ലൈൻ നീളുന്നത്. ഏകദേശം 1,000 കിലോമീറ്റർ ആണ് നീളം. പ്രതിദിനം ഒരു ദശലക്ഷം ബാരൽ എണ്ണ എത്തിക്കാനുള്ള ശേഷിയാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ജാസ്ക് തുറമുഖത്ത് വലിയ എണ്ണ സംഭരണ കേന്ദ്രങ്ങളും ടെർമിനലുകളും ഇറാന്‍ സജ്ജമാക്കിയിട്ടുണ്ട്. 

അതേസമയം നിലവിൽ കടലിലുള്ള ഇറാന്റെ എണ്ണശേഖരം ചുരുങ്ങിയ കാലയളവിലേക്കെങ്കിലും പ്രതിസന്ധി സൃഷ്ടിച്ചേക്കില്ല. മാത്രമല്ല ഉപരോധം ബാധിക്കാത്ത ഗൾഫ് മേഖലയ്ക്ക് പുറത്ത് ഏകദേശം 15.4 കോടി ബാരൽ എണ്ണ ഇറാന് സ്റ്റോക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

പെട്രോകെമിക്കലുകളുടെയും അസംസ്കൃത എണ്ണകളുടേയും കയറ്റുമതിയിലുണ്ടാകുന്ന നഷ്ടമാണ് പ്രധാനമായും ഇറാനെ ബാധിക്കുക. ഹോര്‍മുസില്‍ ട്രംപ് പ്രഖ്യാപിച്ച ഉപരോധം ഇന്നലെ മുതലാണ് നടപ്പിലാക്കിത്തുടങ്ങിയത്. ഇറാനുമായി നടത്തിയ നിർണായ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഹോർമുസ് കടലിടുക്കിലൂടെ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കടൽ മാർഗ്ഗങ്ങൾ അമേരിക്കൻ നാവികസേന ഉപരോധിക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചത്. 

ഇറാന്റെ കപ്പലുകള്‍ അടുത്തെത്തിയാല്‍ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.  ഇറാന്‍ കപ്പലുകളെയും ഇറാന് ടോള്‍ നല്‍കുന്ന കപ്പലുകളും തടയുമെന്നും ട്രംപ്  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് ഉപരോധിച്ചാല്‍  ഗള്‍ഫ് തുറമുഖങ്ങളില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ  ക്രൂഡ് ഓയില്‍ വില നൂറ് ഡോളര്‍ കടന്നു .

US Imposes Sanctions on Iran's Hormuz Strait Ports:

Iran faces potential daily losses of up to $435 million due to US sanctions in the Strait of Hormuz, according to a Wall Street Journal report. This escalation of tensions between Tehran and Washington impacts trade and could lead to inflation.