mojtaba-iran

ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിക്ക് യുദ്ധത്തില്‍ മാരകമായ പരുക്കേറ്റെന്ന വാദം ശരിവച്ച് വീണ്ടും വെളിപ്പെടുത്തലുകള്‍. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28ന്ന് നടന്ന വ്യോമാക്രമണത്തില്‍ മുജ്തബയുടെ മുഖം തകര്‍ന്നുവെന്നും കാലുകള്‍ക്ക് സാരമായ പരുക്ക് പറ്റിയെന്നും മുജ്തബയോട് അടുത്ത വൃത്തങ്ങള്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. 

യുദ്ധത്തില്‍ മുജ്തബ കൊല്ലപ്പെട്ടിരിക്കാമെന്നും ജീവനോടെയുണ്ടെങ്കില്‍ അംഗവൈകല്യം സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു ട്രംപിന്‍റെ പ്രതികരണം. എന്നാല്‍ മുജ്തബ സുഖം പ്രാപിച്ച് വരികയാണെന്നും മുഖം തകര്‍ന്നുവെന്നതിനും കാലിന്‍റെ പരുക്കിനും അപ്പുറം മുജ്തബ തന്നെയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും യുദ്ധം, സമാധാനക്കരാര്‍ തുടങ്ങിയ കാര്യങ്ങളിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 

അതേസമയം, മുജ്തബയുടെ നിലവിലെ ആരോഗ്യസ്ഥിതിയില്‍ ഇറാന്‍റെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കുമോ അതോ മറ്റാരെയെങ്കിലും തിരഞ്ഞെടുക്കുമോ എന്ന ചോദ്യവും റിപ്പോര്‍ട്ട് ഉയര്‍ത്തുന്നു. ഇതാദ്യമായാണ് മുജ്തബയെ കുറിച്ച് ഇത്രയും വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് പുറത്ത് വരുന്നതെന്നാണ് വിവരം. 

മാര്‍ച്ച് എട്ടിന് ഇറാന്‍റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മുജ്തബയെ കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി തുടരുകയാണ്. മുജ്തബ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുകയോ, ചിത്രമോ, ശബ്ദമോ പുറത്തുവരികയോ ചെയ്തിട്ടില്ല. മുജ്തബയുടെ നിലവിലെ ആരോഗ്യ സ്ഥിതി സംബന്ധിച്ച ്പ്രതികരിക്കാനോ മുജ്തബ ജനങ്ങളെ അഭിമുഖീകരിക്കാന്‍ എത്താത്തതില്‍ വിശദീകരിക്കാനോ ഇറാനിലെ യുഎന്‍ മിഷനും തയാറായിട്ടില്ല. 

ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും നടത്തിയ വ്യോമാക്രമണങ്ങളില്‍ പിതാവും മുന്‍ പരമോന്നത നേതാവുമായിരുന്ന ആയത്തുല്ല അലി ഖമനയി, മുജ്തബയുടെ പത്നി, ഭാര്യാസഹോദരന്‍ തുടങ്ങിയ കുടുംബാംഗങ്ങളെ മുജ്തബയ്ക്ക് നഷ്ടമായി. മുജ്തബയ്ക്ക് സാരമായി പരുക്കേറ്റുവെന്ന് മാത്രമാണ് ഇറാന്‍ ഇക്കാര്യത്തില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

മുജ്തബയ്ക്ക് ഒരു കാല്‍ നഷ്ടമായി എന്നായിരുന്നു യുഎസ് ഇന്‍റലിജന്‍സ് ഉന്നതര്‍ നേരത്തേ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയത്. അതേസമയം, മുജ്തബയുടെ ആരോഗ്യവിവരത്തെ കുറിച്ച് പ്രതികരിക്കാന്‍ സിഐഎ തയാറായിട്ടില്ല. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ ഓഫിസും മുജ്തബയുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

ENGLISH SUMMARY:

New reports have emerged confirming that Iran's Supreme Leader Mojtaba Khamenei sustained life-altering injuries during the February 28 airstrikes. Sources close to the leader revealed to Reuters that his face was severely disfigured and both legs were critically injured in the attack. While Donald Trump previously suggested that Mojtaba might be dead or permanently disabled, these new claims suggest he is recovering. Despite the physical trauma, the reports insist he remains active in decision-making regarding the ongoing war and peace negotiations. This marks the first time credible sources have detailed his condition since he took office on March 8. However, his continued absence from the public eye and the silence from Iran's UN mission maintain an air of mystery.