പശ്ചിമേഷ്യയില്‍ രണ്ടാഴ്ചത്തേക്ക് യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചതു മുതല്‍ എല്ലാവരുടേയും കണ്ണ് ഹോര്‍മൂസിലേക്കായിരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചതായി ട്രംപും രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് തുറക്കുമെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം യുദ്ധത്തിന് മുമ്പുള്ള രീതിയിലേക്ക് മടങ്ങാൻ വളരെ സമയമെടുക്കുമെന്നാണ് ഇറാന്‍ പറയുന്നത്. വെടിനിർത്തൽ കരാർ പ്രകാരം, ദിവസം 15 കപ്പലുകളിൽ കൂടുതൽ ഹോര്‍മുസ് കടക്കാൻ ഇറാൻ അനുവദിക്കില്ലെന്ന് ഇറാനിയൻ സ്രോതസുകളെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാത്രമല്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഓരോ യാത്രയ്ക്കും ഇറാന്റെ അംഗീകാരം വേണ്ടിവരും. ഐആർജിസിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക പ്രോട്ടോക്കോളുകളുമുണ്ടായിരിക്കും.
നേരത്തേ തന്നെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ടോള്‍ ഈടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹോര്‍മുസ് കടക്കണമെങ്കില്‍ ഇറാന്‍ നിശ്ചയിക്കുന്ന പണം നല്‍കണമെന്ന ആവശ്യം ഇസ്ലമാബാദില് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ മുന്നോട്ട് വച്ചേക്കുമെന്നായിരുന്നു സൂചന. അമേരിക്ക ഇത് അംഗീകരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കപ്പലിന്‍റെ ഇനമനുസരിച്ച് ടോള്‍ നിരക്കുകളില്‍ മാറ്റമുണ്ടാകുമെന്നും സൂചനയുണ്ട്. ടോള്‍ നിശ്ചയിക്കുന്നതിനായി ഒമാനുമായി ചേര്‍ന്ന് പ്രോട്ടോക്കോള്‍ തയാറാക്കുകയാണെന്ന് ഇറാന്‍റെ വിദേശകാര്യ ഡപ്യൂട്ടി മന്ത്രി കാസിം ഘരിബാബ്ദി കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിവസം 15 കപ്പലുകളിൽ കൂടുതല്‍ കടത്തിവിടില്ലെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അതേസമയം, വെടിനിർത്തലില്‍ ഇറാൻ ഒരു സാമ്പത്തിക വ്യവസ്ഥ കൂടി ചേർത്തിട്ടുണ്ട്. രണ്ടാഴ്ചത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തടഞ്ഞുവച്ച തങ്ങളുടെ വിദേശ ആസ്തികൾ വിട്ടുകിട്ടണമെന്നാണ് ഇറാന്‍റെ ആവശ്യം. മാത്രമല്ല ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തിലൂടെ യുദ്ധാവസാനം ഔദ്യോഗികമായി അംഗീകരിക്കണമെന്നാണ് ഇറാന്‍റെ ആവശ്യം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെയുള്ളതിലും തീവ്രതയോടെ പോരാട്ടം പുനരാരംഭിക്കാന്‍ തങ്ങൾ പൂർണ്ണമായും തയ്യാറാണെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. വെടിനിർത്തൽ കാലയളവിൽ മേഖലയിലെ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കരുതെന്ന് ഇറാൻ അമേരിക്കയുടോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ സമുദ്രമാർഗ്ഗമുള്ള അസംസ്കൃത എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഹോര്‍മൂസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഐആര്‍ജിസി ഹോര്‍മുസിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും കടലിടുക്ക് അടയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് വളരെ ചുരുക്കം കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസിലൂടെ ഇക്കാലയളവില്‍ കടന്നുപോയത്. കെപ്ലർ ഡാറ്റ പ്രകാരം മാർച്ച് 1 മുതൽ ഏപ്രിൽ 7 വരെ 307 കപ്പലുകളാണ് ഹോര്‍മുസ് കടന്നത്. ഇത് സാധാരണ ഹോര്‍മുസിലുടെയുള്ള ഗതാഗതത്തെ അപേക്ഷിച്ച് 95 ശതമാനം കുറവാണ്.