ഇറാന്‍–യുഎസ് താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ യുഎസ് അംഗീകരിച്ചതായി ഇറാന്‍ പുറത്തുവിട്ട പത്തിന നിര്‍ദേശങ്ങളില്‍ വിവാദം. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്‍റെ അവകാശം അമേരിക്ക അംഗീകരിച്ചുവെന്ന വ്യവസ്ഥയാണ് തര്‍ക്കത്തിലുള്ളത്. യുഎസ് അംഗീകരിച്ച പത്തിന നിര്‍ദേശങ്ങള്‍ എന്ന പേരില്‍ പുറത്തുവന്ന രേഖയുടെ ഇംഗ്ലീഷ് പതിപ്പില്‍ 'സമ്പുഷ്ടീകരണത്തിനുള്ള അവകാശം' ഉള്‍പ്പെട്ടിട്ടില്ലെന്നും ഇത് പാര്‍സി ഭാഷയിലെ രേഖയില്‍ ഉണ്ടെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപിന്‍റെ അന്ത്യശാസനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് താല്‍കാലിക വെടിനിര്‍ത്തലിന് ധാരണയായത്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് വെടിനിര്‍ത്തലിനുള്ള കളമൊരുങ്ങിയത്. പിന്നാലെ ഇറാനെ ആക്രമിക്കില്ലെന്നും രണ്ടാഴ്ച താല്‍കാലിക വെടിനിര്‍ത്തലെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാനെ ആക്രമിക്കുന്നില്ലെങ്കില്‍ വെടിനിര്‍ത്തലെന്നത് ഇറാനും അംഗീകരിച്ചു. ഹോര്‍മുസ് രണ്ടാഴ്ചത്തേക്ക് തുറക്കാമെന്നും ഇറാന്‍ വ്യക്തമാക്കി. 'ഇറാനെതിരായ ആക്രമണങ്ങള്‍ നിര്‍ത്തിയാല്‍ ഞങ്ങളുടെ സൈന്യവും പ്രതിരോധത്തിന്‍റെ ഭാഗമായുള്ള തിരിച്ചടി അവസാനിപ്പിക്കും' എന്നായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയുടെ പ്രസ്താവന.
ഇറാന്‍ മുന്നോട്ട് വച്ച പത്ത് വ്യവസ്ഥകളും യുഎസ് അംഗീകരിച്ചെന്ന് ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, വാഷിങ്ടണ്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്‍റെ അവകാശം യുഎസ് അംഗീകരിച്ചുവെന്ന വാര്‍ത്ത വാസ്തവമാണെങ്കില്‍ ട്രംപ് ഇക്കാലമത്രയും പറഞ്ഞ വാദങ്ങള്‍ പൊള്ളയാണെന്ന് വരും. യുദ്ധം ആരംഭിക്കാന്‍ കാരണം തന്നെ ഇറാന്‍ ആണവായുധം ഉണ്ടാക്കുമെന്നതിനാലാണെന്നും അവരുടെ ആണവശേഖരം എന്നേക്കുമായി നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്നുമായിരുന്നു യുഎസ് ആവശ്യം. എന്നാല്‍ ഈ ആവശ്യം യുഎസ് ഉപേക്ഷിച്ചോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
യുഎസ് ഇറാനുമേല്‍ അധിനിവേശം നടത്താന്‍ പാടില്ല,ഹോര്‍മുസില്‍ ഇറാന്‍റെ നിയന്ത്രണം തുടരും, ആണവസമ്പുഷ്ടീകരണത്തിനുള്ള ഇറാന്‍റെ അവകാശം അംഗീകരിക്കണം, യുഎസ് ഇറാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കണം, ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും പിന്‍വലിക്കണം, യുഎന്നില്‍ ഇറാനെതിരെ കൊണ്ടുവന്ന എല്ലാ പ്രമേയങ്ങളും റദ്ദാക്കണം, രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ഇറാനെതിരായി കൊണ്ടുവന്ന എല്ലാ പ്രമേയങ്ങളും റദ്ദാക്കണം, ഇറാന് സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കണം, മേഖലയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കണം, ഹിസ്ബുല്ലയ്ക്കെതിരായി ഉള്‍പ്പടെ നടത്തുന്ന എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കണം എന്നിവയാണ് ഇറാന്‍ മുന്നോട്ട് വച്ച പത്ത് ആവശ്യങ്ങള്‍ ഇവ യുഎസ് അംഗീകരിച്ചതോടെയാണ് വെടിനിര്‍ത്തലെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ആക്രമണം താല്‍കാലികമായി നിര്‍ത്താന്‍ ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി സൈന്യത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഇറാന്‍ പറയുന്നു.
google trending topic: iran news